'എന്റെ രക്തത്തിനായി ദാഹിച്ചവര്‍ നിരാശരായി ': എം.എല്‍.എയ്‌ക്കെതിരേ മന്ത്രിയുടെ ഒളിയമ്പ്
ഇരിട്ടി: തന്റെ രക്തത്തിനായി ദാഹിച്ചവര്‍ നിരാശരായെന്ന് മന്ത്രി കെ.കെ ശൈലജ. ഇരിട്ടി താലൂക്ക് ആശുപത്രി പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ ഒളിയമ്പ്. ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ എം.എല്‍.എ സണ്ണി ജോസഫിനെയാണ് മന്ത്രി ലക്ഷ്യമിട്ടത്. ചില നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദവും തനിക്കെതിരെയുള്ള യു.ഡി.എഫിന്റെ രാജി മുറവിളിയും ഉപവാസവും തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും വരികള്‍ക്കിടയിലൂടെ പരാമര്‍ശിച്ചാണ് മന്ത്രി പ്രസംഗിച്ചത്. താന്‍ അഴിമതി കാണിച്ചിട്ടില്ല. ഒരു രൂപ പോലും അനര്‍ഹമായി കൈപ്പറ്റുകയോ ക്രമക്കേടു കാട്ടുകയോ ചെയ്തിട്ടില്ല. എന്നിട്ടും എന്നെയും കേരളത്തിലെ ആരോഗ്യമേഖലയേയും കരിവാരി തേക്കാനാണ് ചിലര്‍ ബോധപൂര്‍വം ശ്രമിച്ചത്. ഇക്കാര്യം ഈ വേദിയില്‍ പറയേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ജനിച്ചു വളര്‍ന്ന മണ്ണില്‍ വച്ചെങ്കിലും ഞാനിത് പറഞ്ഞില്ലെങ്കില്‍ എന്റെ നാട്ടുകാരില്‍ ചിലരെങ്കിലും തെറ്റിദ്ധരിക്കില്ലേ.. ഞാന്‍ എന്റെ ബന്ധുക്കളെ ആരെയും എവിടെയും നിയമിച്ചില്ല. ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡോ. മുഹമ്മദ് ഷഹീല്‍, ഡോ. അശോക് ലാല്‍ എന്നിവരുള്‍പ്പെടെ പ്രഗല്‍ഭരെയാണ് നിയമിച്ചത്. എന്നെ സമാധാനത്തോടെ ഭരിക്കാന്‍ അനുവദിച്ചാല്‍ സാധാരണക്കാരന് മുന്തിയ ചികിത്സ ലഭിക്കുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളാക്കി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രി മാറ്റുമെന്നും ആര്‍ദ്രം പദ്ധതി അതിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മന്ത്രി ഉടനെ പോയെങ്കിലും വേദിയില്‍ അധ്യക്ഷനായ എം.എല്‍.എ മന്ത്രിയുടെ വാക്കുകള്‍ക്ക് മറുപടി പറയാതെ ഒറ്റവാക്കില്‍ പ്രസംഗം ചുരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."