വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ അന്ത്യത്തിന്റെ തുടക്കം: കെ.സി വേണുഗോപാല്‍ എം.പി
കാഞ്ഞങ്ങാട്: തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ബി.ജെ.പിയാണോ കോണ്‍ഗ്രസാണോയെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ എം.പി പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച മാനവ മൈത്രി സംഗമം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിക്കെതിരേ പൊരുതുന്നു എന്ന് പറയുന്ന സി.പി.എമ്മിന്റെ മുഖ്യമന്ത്രി ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പഞ്ചപ്പുച്ഛമടക്കി പോകുകയായിരുന്നു. ഇത് വ്യക്തമാക്കുന്നത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കുള്ളത് എന്ന കാര്യമാണ്. സി.പി.എമ്മും ബി.ജെ.പിയും കേരളത്തില്‍ നടത്തുന്ന കൊലപാതകങ്ങള്‍ പരസ്പരം കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ചെയ്തികള്‍ ജനം മറക്കുന്നതിന് വേണ്ടിയാണ്. മൂന്നര വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് കീഴില്‍ 47 പേരെയാണ് ഇന്ത്യയില്‍ ആള്‍ക്കൂട്ടം കൊല ചെയ്തിരിക്കുന്നത്.
കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കമായിരിക്കും കര്‍ണാടകയില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടാകാന്‍ പോകുന്ന വിജയമെന്നും വേണു ഗോപാല്‍ അവകാശപ്പെട്ടു. അനുയായികളെ കൊണ്ട് കലാപമുണ്ടാക്കിയ കപട ആള്‍ദൈവത്തിന് ശിക്ഷ നല്‍കിയ സി.ബി.ഐ കോടതി ജഡ്ജിനെ പ്രണമിക്കുകയാണെന്നും, ക്രിമിനലുകളെ തളച്ചിടാന്‍ ധൈര്യം കാട്ടിയ ഇത്തരം ജഡ്ജിമാര്‍ അഭിനന്ദനമര്‍ഹിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍ ചടങ്ങില്‍ അധ്യക്ഷനായി. അഡ്വ. സി.കെ ശ്രീധരന്‍, കെ നീലകണ്ഠന്‍, പി. അഷ്‌റഫലി, ശാന്തമ്മ ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."