സ്‌ട്രോങ് റൂം കുത്തിത്തുറന്ന്: ബാങ്കില്‍ കവര്‍ച്ചാ ശ്രമം
മലപ്പുറം: മലപ്പുറത്തെ കേരളാ ഗ്രാമീണ്‍ ബാങ്കില്‍ കവര്‍ച്ചാ ശ്രമം. കോട്ടപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ബ്രാഞ്ചിന്റെ സ്‌ട്രോങ് റൂം കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. മോഷ്ടാവിന്റെ ചിത്രം സി.സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മലപ്പുറം പൊലിസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ ബാങ്ക് തുറന്നയുടന്‍ മാനേജര്‍ കുഞ്ഞുമൊയ്തീന്‍കുട്ടിയാണ് കവര്‍ച്ചാ ശ്രമം നടന്നതായി ശ്രദ്ധിച്ചത്. തകര്‍ത്ത വെന്റിലേറ്ററില്‍കൂടി ഉള്ളിലേക്ക് ഊര്‍ന്നിറങ്ങാന്‍ മോഷ്ടാവ് കെട്ടിയ കയറും കണ്ടു. ഉടന്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. സ്‌ട്രോങ് റൂം വാതിലിന്റെ അടിഭാഗത്തു വലതുവശത്തു ചതുരാകൃതിയില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തുരക്കാന്‍ ശ്രമിച്ച അടയാളം വ്യക്തമായി കാണുന്നുണ്ട്. വെല്‍ഡ് ചെയ്‌തെങ്കിലും ഒരടി കനമുള്ള ഉരുക്ക് ആവരണം പൊളിക്കാനാകാത്തതിനാല്‍ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നെന്നാണ് കരുതുന്നത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കവര്‍ച്ചാ ശ്രമം നടന്ന കേരളാ ഗ്രാമീണ്‍ ബാങ്ക് മലപ്പുറം ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ തെക്കേ അറ്റത്താണ് സ്‌ട്രോങ് റൂം. സമീപത്തെ ഒഴിഞ്ഞ പറമ്പിന്റെ മതിലില്‍ കയറിയ ശേഷം ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പാരപ്പെറ്റില്‍ കയറിയ മോഷ്ടാവ് കിഴക്കുവശത്തെ വെന്റിലേറ്റര്‍ തകര്‍ത്താണ് ഉള്ളില്‍ കടന്നത്. നീളത്തിലുള്ള വെന്റിലേറ്ററിന്റെ ഒരു ഭാഗമാണ് പൊളിച്ചിട്ടുള്ളത്. ഇരുമ്പിന്റെ ഗ്രില്ലും ഗ്ലാസും കട്ടര്‍ ഉപയോഗിച്ചു മുറിച്ചിട്ടുണ്ട്. ഇതിന്റെ കഷണങ്ങള്‍ പുറത്തുണ്ട്. ഗ്രില്ലില്‍ ഉടക്കിയാണ് കയര്‍ കെട്ടിയിരിക്കുന്നത്. മലപ്പുറം എസ്.ഐ ബൈജുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്ത് തെളിവടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."