ഗുണ്ടാ സംഘം വീടുകള്‍ ആക്രമിച്ച സംഭവം; പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണനാംകുളത്ത് ഗുണ്ടാസംഘം വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി വ്യാപക അന്വേഷണം. വധശ്രമത്തിനും വീട് അതിക്രമിച്ചു കയറി മര്‍ദ്ദിച്ച സംഭവത്തിനും പൊലിസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഏഴരയോടെ ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്ര പരിസരത്താണ് സംഭവം. ക്ഷേത്ര സമിതി സെക്രട്ടറി തേവര്‍കാട്ടില്‍ രാധാകൃഷ്ണന്, കരീപ്പാടത്ത് ഉണ്ണികൃഷ്ണന്, മുത്തങ്ങപ്പറമ്പില് ഷൈന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഒരു സംഘം ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഈ മൂന്നു പേര്‍ക്കും പരുക്കേറ്റിരുന്നു. വിവിധ ആശുപത്രികളില്‍ ഇവര്‍ ചികത്സയിലാണ്.
വടിവാളും കോടാലിയും ഇരുമ്പു പൈപ്പുമായി വന്ന സംഘമാണ് വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബുള്ളറ്റും ബൈക്കും സൈക്കിളുകളും വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടു പരുക്കേറ്റു ചികത്സയില്‍ കഴിയുന്ന തേവര്‍കാട്ടില്‍ രാധാകൃഷ്ണന്, കരീപ്പാടത്ത് ഉണ്ണികൃഷ്ണന്, മുത്തങ്ങപ്പറമ്പില് ഷൈന്‍ എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആകെ ആറു പേര്‍ക്കെതിരെ സംഭവവുമായി പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ടി പൊലിസ് തീരദേശത്തു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതേ സമയം അക്രമിപ്പിക്കപ്പെട്ട വീടുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, സി.പി.എം ഏരിയ സെക്രട്ടറി പി.എം അഹമ്മദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."