തെരുവ് വിളക്കുകള്‍ കണ്ണടച്ചു; റാന്തല്‍ തെളിച്ച് പ്രതിപക്ഷ സമരം
ആലുവ: നഗരസഭയിലെ തെരുവ് വിളക്കുകളെല്ലാം കത്താതായതോടെ പട്ടാപ്പകല്‍ റാന്തല്‍ വിളക്ക് തെളിയിച്ച് പ്രതിപക്ഷം സമരം നടത്തി. ആലുവ നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ തെരുവ് വിളക്കുകളാണ് മാസങ്ങളായി കത്താതായത്.
തെരുവ് വിളക്കുകള്‍ തെളിയിക്കുന്നതിനായി കഴിഞ്ഞ ഭരണസമിതി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് 5 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ അതിനായി ടെണ്ടര്‍ ക്ഷണിച്ചത് 3 വര്‍ഷത്തേക്കാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
നഗരസഭ പ്രദേശങ്ങളിലെ കത്താത്ത തെരുവ് വിളക്കുകള്‍ പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ തന്നെ കത്തിക്കണമെന്നാണ് വ്യവസ്ഥ. വ്യവസ്ഥ ലംഘിച്ചാല്‍ ഒരു വിളക്കിന് 20 രൂപ നിരക്കില്‍ കരാറുകാരനില്‍ നിന്നും നഗരസഭ ഈടാക്കുമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥകളെല്ലാം നിലനില്‍ക്കെ തന്നെയാണ് നഗരസഭ പരിധിക്കുള്ളിലെ തെരുവ് വിളക്കുകള്‍ കത്താത്തത്. നിരവധി വട്ടം പരാതി നല്‍കിയിട്ടും പ്രശ്‌നപരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ ഇത്തരം പട്ടാപ്പകല്‍ റാന്തല്‍ കത്തിച്ച് നഗരസഭ ഓഫീസിന് മുമ്പില്‍ പ്രതിഷേധം നടത്തിയത്. സമരത്തിന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."