അപേക്ഷകരുടെ ബൂത്തുകള്‍ തിരിച്ചറിയാനാകാതെ ഉദ്യോഗസ്ഥര്‍
തിരൂര്‍: വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കാനായി സമര്‍പ്പിച്ച അപേക്ഷകര്‍ ഏത് ബൂത്തിലുള്ളവരാണെന്ന് കണ്ടെത്താനാകാതെ തിരൂര്‍ സിവില്‍ സ്റ്റേഷനിലെ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍. തിരൂര്‍, താനൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പുതിയ അപേക്ഷകര്‍ ഏതു ബൂത്തില്‍പ്പെടുന്നവരാണെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാനാകാത്തത്. ആറാം നമ്പര്‍ ഫോറം മുഖേന ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മുന്‍പ് അപേക്ഷകരുടെ ബൂത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പരിഷ്‌ക്കരിച്ച ആറാം നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ ബൂത്ത് രേഖപ്പെടുത്താനുള്ള സംവിധാനമൊരുക്കിയിരുന്നില്ല. അതാണ് ബുദ്ധിമുട്ടുണ്ടാക്കിയത്.
സംസ്ഥാന വ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. മലപ്പുറത്ത് വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സാങ്കേതിക പ്രശ്‌നം ഉദ്യോഗസ്ഥരെ കുഴക്കുകയാണ്. കോട്ടക്കല്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലായി ആകെ 510 ബൂത്തുകളുണ്ട്. ഈ മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 185 മുതല്‍ 190 വരെ പുതിയ അപേക്ഷകള്‍ തിരൂര്‍ താലൂക്ക് ഓഫിസിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിച്ചിട്ടുണ്ട്. 510 ബൂത്തുകളില്‍ നിന്നായി ആകെ ആയിരത്തോളം അപേക്ഷകര്‍ ഉണ്ടാകും. ഇവരുടെ ബൂത്തു വിവരങ്ങള്‍ ലഭ്യമാകാനായി തിരൂര്‍ തഹസില്‍ദാര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപാര്‍ട്ടി നേത്യത്വത്തിന്റെ സഹായം തേടിയിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് സമയമല്ലാത്തതിനാല്‍ പാര്‍ട്ടി ഭാരവാഹികളില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ അപേക്ഷിച്ചവരില്‍ പരമാവധി പേരുടെയും ബൂത്തുവിവരങ്ങള്‍ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടങ്ങിയിട്ടുണ്ട്. അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ തിരിച്ചറിയല്‍ രേഖകളിലൂടെ അവരവരുടെ ബൂത്തുകള്‍ കണ്ടെത്താനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."