ഓണാഘോഷ വേദി മാറ്റിസ്ഥാപിച്ച് ടൂറിസം വകുപ്പ് പ്രതിഷേധം പുകയുന്നു
കോവളം: കോവളത്തെ ഓണാഘോഷ വേദി മാറ്റത്തിനെതിരേ പ്രതിഷേധം പുകയുന്നു. പാലസ് ജങ്ഷനിലെ പരമ്പരാഗത ഓണാഘോഷവേദി ചിലരുടെ താല്പര്യ പ്രകാരം പുതിയ ഇടത്തേയ്ക്ക് മാറ്റിയതിനെതിരെയാണ് നാട്ടുകാരില്‍ പ്രതിഷേധം ഉയരുന്നത്. 30 വര്‍ഷത്തിലേറെയായി കോവളം ബീച്ച് ബസ് സ്റ്റാന്‍ഡിലാണ് ഓണാഘോഷ പരിപാടികള്‍ നടത്തിവരുന്നത്. എന്നാല്‍ ഇക്കുറി വെല്ലാറിലെ സമുദ്ര ബീച്ചിന് സമീത്ത് നടത്താനാണ് ജില്ലാ ടൂറിസം പ്രെമോഷന് കൗണ്‍സിലിന്റെ തീരുമാനം. നാട്ടുകാരുടെയും സഞ്ചാരികളുടെയും സൗകര്യം കണക്കിലെടുക്കാതെ വേദിമാറ്റം നടത്താന്‍ ഡി.ടി.പി.സി തയ്യാറായത് പ്രാദേശിക സി.പി.എം നേതാവിന്റ താല്പര്യ പ്രകാരമാണെന്നാണ് ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ നിസാബീവി ആരോപിക്കുന്നത്.
നഗരസഭാ കൗണ്‍സിലിന് ഓണാഘോഷത്തില്‍ കാര്യമില്ലെന്നും ടൂറിസം വകുപ്പാണ് ഓണാഘോഷം നടത്തുന്നതെന്നും പറഞ്ഞാണ് ഏകപക്ഷീയമായി വേദി മാറ്റിയെതന്നും കൗണ്‍സിലര്‍ പറഞ്ഞു. ഓണാഘോഷാ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോവളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് വേദി കോവളം ബീച്ച് ബസ്സ്റ്റാന്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം ചിലര്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനെ കൗണ്‍സിലറടക്കമുള്ള യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും എതിര്‍ത്തതിനെ തുടര്‍ന്ന് യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. പിന്നീട് പുതിയ വേദി ഡി.ടി.പി.സി തന്നെ ഏകപക്ഷീയമായി നിശ്ചയിക്കുകയായിരുന്നു.
പുതിയ വേദിയായ സമുദ്ര ബീച്ചിലേക്ക് വാഹന സൗകര്യവും കുറവാണ്. സ്വകാര്യ വാഹനങ്ങള്‍ പിടിച്ചുവേണം അവിടെയെത്താന്‍. ഓണത്തിന് സഞ്ചാരികള്‍ ഏറെയും എത്തുന്നത് കോവള സീറോക്ക് ബീച്ച്, ലൈറ്റ് ഹൈസ് ബീച്ച്, ഗ്രോവ് ബീച്ച് എന്നിവിടങ്ങളിലാണ്. വേദി പുതിയ സ്ഥാനത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത് കോവളത്തെ ഓണാഘോഷത്തിന്റെ നിറം കെടുത്തുമെന്നും വേദി പാലസ് ജങ്ഷനില്‍ തന്നെയാക്കണമെന്നുമാണ് നാട്ടുകാരുടെയും കോവളം ടൂറിസം പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെയും ആവശ്യം. വേദി പഴയ സ്ഥലത്തുതന്നെ ആക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ടി.പി.സി അധികൃതര്‍ക്കും, ടൂറിസം വകുപ്പിനും കൗണ്‍സിലറും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."