തൃക്കാക്കരയില്‍ ഭരണമാറ്റത്തിന് തന്ത്രങ്ങള്‍ ശക്തമാക്കി യു.ഡി.എഫ്
കാക്കനാട്: തൃക്കാക്കരയില്‍ ഭരണമാറ്റത്തിനുള്ള തന്ത്രങ്ങള്‍ ശക്തമാക്കി യു.ഡി.എഫ് നേതൃത്വം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു.
എം.ടി.ഓമന, അജിത തങ്കപ്പന്‍, ഷീല ചാരു എന്നിവരുടെ പേരുകളാണ് നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് കേള്‍ക്കുന്നത്. ഭരണമാറ്റവുമായി ബന്ധപ്പെട്ട് തൃക്കാക്കരയിലെ മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ ചര്‍ച്ച നടത്തി. സ്വതന്ത്രന്റെ പിന്‍തുണയില്‍ ഇടതു മുന്നണി ഭരണം നടത്തുന്ന തൃക്കാക്കര നഗരസഭയില്‍ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ അവാസന ഘട്ടത്തിലാക്കി.
ഇരുമുന്നണികള്‍ക്കും കേവല ഭരിപക്ഷം ഇല്ലായിരുന്ന തൃക്കാക്കര നഗരസഭയില്‍ ഭരണത്തിലേറാന്‍ എല്‍.ഡി.എഫിന് വേണ്ടിയിരുന്നത് രണ്ടു പേരുടെയും യു.ഡി.എഫിന് ഒരാളുടെയും പിന്തുണയായിരുന്നു. എന്നാല്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ യു.ഡി.എഫ് വിമതനായ സാബു ഫ്രാന്‍സിസിനെയും എല്‍.ഡി.എഫ് വിമതനായ എം.എം നാസറിനെയും സ്വന്തം കൂടാരത്തിലെത്തിച്ചുകൊണ്ട് 43 അംഗ ഭരണസമിതിയില്‍ 22 വോട്ടുകള്‍ നേടി എല്‍.ഡി.എഫ് ഭരണം കൈയാളുകയായിരുന്നു. 21 അംഗങ്ങളാണ് യു.ഡി.എഫിലുള്ളത്. റിബലായി മത്സരിച്ച് വിജയിച്ച ഒരംഗം യു.ഡി.എഫിനോടൊപ്പം ചേരാന്‍ തയ്യാറായതോടെയാണ് ഭരണമാറ്റത്തിനുള്ള സാധ്യത തെളിഞ്ഞത്. ഇതില്‍ സാബു ഫ്രാന്‍സിസ് ഇപ്പോള്‍ വൈസ് ചെയര്‍മാനാണ്. കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലും ഇവരില്‍ ഒരാള്‍ പങ്കെടുത്തതായും സൂചനയുണ്ട്.
തൃക്കാക്കരയില്‍ അടുത്തു ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഭരണമാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തി ചെയര്‍പേഴ്‌സണെ തീരുമാനിക്കും. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ആരാകുമെന്നതിനെ സംബന്ധിച്ച് സമവായം ഉണ്ടായില്ലെങ്കില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍, പി.ടി.തോമസ് എം.എല്‍.എ, ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് എന്നിവരുടെ തീരുമാനത്തിന് വിടും. നവംബര്‍ മാസത്തോടെ ഭരണമാറ്റം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇരുപത്തിയൊന്ന് അംഗങ്ങളുള്ള യു.ഡി.എഫിന് ഏതെങ്കിലും ഒരു വിമതന്റെ പിന്തുണ മാത്രം മതി അധികാരത്തിലേറാന്‍. എന്നാല്‍ നഗരസഭ ഭരണത്തിന്റെ ആദ്യം മുതല്‍ തന്നെ രണ്ട് വിമതരും യു.ഡി.എഫ് ക്യാംപിലേക്ക് ചേരാന്‍ തയാറായതാണ്. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം വിമതന്‍ എം.എം നാസര്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തയാറായിരുന്നുവെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് മൂലമാണ് ജില്ലാ ആസ്ഥാനത്തെ നഗരസഭാ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്.അധ്യക്ഷസ്ഥാനത്തെച്ചൊല്ലി എ, ഐ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സി.പി.എം വിമതന്‍ എം.എം നാസര്‍ ഇടതുപക്ഷത്തോടൊപ്പം ചേരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."