കൃത്രിമ മഴ: സാങ്കേതികവിദ്യ പരീക്ഷിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ മഴ പദ്ധതി തല്‍ക്കാലം നടപ്പാക്കില്ല. ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ടെന്നും ഭാവിയില്‍ കൃത്രിമ മഴ പെയ്യിക്കേണ്ട സ്ഥിതിയുണ്ടെന്നും അധികൃതര്‍ സുപ്രഭാതത്തോടു പറഞ്ഞു. എന്നാല്‍, അടുത്ത മാസത്തോടെ സംസ്ഥാനത്ത് കൃത്രിമ മഴയുടെ സാങ്കേതികവിദ്യ പരീക്ഷിക്കും.
അണക്കെട്ടുകളില്‍ വൈദ്യുതോല്‍പാദനത്തിന് ആവശ്യമായ വെള്ളം ലഭ്യമാകാത്ത സാഹചര്യത്തില്‍ സ്ഥിരമായി കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതിക വിദ്യ പരീക്ഷിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇതിനായി മൂന്നു അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. എവിടെ വേണമെന്നത് തീരുമാനം ആയിട്ടില്ല. പരീക്ഷണം വിജയിച്ചാല്‍ ഭാവിയില്‍ മഴക്കുറവുള്ള വര്‍ഷങ്ങളില്‍ പദ്ധതി നടപ്പാക്കും.
തമിഴ്‌നാടും, കര്‍ണാടകയും വൈദ്യുതോല്‍പാദനം ലക്ഷ്യമിട്ട് കൃത്രിമ മഴ പെയ്യിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ പദ്ധതിയുടെ പരീക്ഷണങ്ങള്‍ നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
എന്നാല്‍, സര്‍ക്കാരിനോ, ഉദ്യോഗസ്ഥര്‍ക്കോ കൃത്രിമ മഴ പെയ്യിക്കുന്നതിനോട് അനുകൂല നിലപാടില്ലായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ കൃത്രിമ മഴ പെയ്യിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണ് ഈ പ്രസ്താവന നടത്തിയത്. അണക്കെട്ടുകളില്‍ ജലസംഭരണം കുറയുമ്പോള്‍ വൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം കുറയ്‌ക്കേണ്ടി വരും.
ഉല്‍പാദനം കുറയ്ക്കുമ്പോള്‍ പുറത്തുനിന്നുള്ള വൈദ്യുതി അധിക തുക നല്‍കി വാങ്ങേണ്ടി വരും. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ കൃത്രിമ മഴ പെയ്യിച്ച് അണക്കെട്ടുകള്‍ ജലസമ്പുഷ്ടമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ പദ്ധതിപ്രദേശ അണക്കെട്ടുകളില്‍ ജല ലഭ്യത കുറഞ്ഞതും ആശങ്കയുണ്ടാക്കുന്നുവെന്ന് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആന്‍ഡ് എണ്‍വയോണ്‍മെന്റിലെ (കെ.എസ്.സി.എസ്.ടി.ഇ) ശാസ്ത്രജ്ഞര്‍ പറഞ്ഞു.
കെ.എസ്.ഇ.ബി, ഐ.എം.ഡി, ഐ.എസ്.ആര്‍.ഒ, കെ.എസ്.സി.എസ്.ടി.ഇ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, സെസ്സ് എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.
കെ.എസ്.ഇ.ബിയാണ് ഫണ്ട് ചെലവഴിക്കുന്നത്. പൂനെ ഐ.ഐ.ടിയാണ് ഇതിനുള്ള സാങ്കേതിക സഹായങ്ങള്‍ നല്‍കുക. മഴ മേഘങ്ങളെ കണ്ടെത്താന്‍ ഐ.എസ്.ആര്‍.ഒയുടെ റഡാര്‍ സംവിധാനം ഉപയോഗിക്കും.
ഈ മേഘങ്ങളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ച് മഴ പെയ്യിക്കുകയാണ് ചെയ്യുക. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മഴകുറയുന്നത് തടയാനാകാത്ത സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ ഭാവിയില്‍ ആവശ്യമായി വരുമെന്നാണ് കെ.എസ്.സി.എസ്.ടി.ഇ ശാസ്ത്രജ്ഞര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."