കിഫ്ബിയില്‍ 1113.30 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം 1,113.30 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ടി.എം തോമസ് ഐസക്. 8,888 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നടപടികളായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് വന്‍കിട പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
823 കോടി രൂപയുടെ അടങ്കല്‍ വരുന്ന കേരള ഫൈബര്‍ നെറ്റ്‌വര്‍ക്ക് പദ്ധതിയാണ് ഇതില്‍ പ്രധാനം. വൈദ്യുതി ബോര്‍ഡിന്റെ തൂണുകളും പ്രാദേശിക കേബിള്‍ നെറ്റ്‌വര്‍ക്കുകളും ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ വ്യാപനമാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഈ നെറ്റ്‌വര്‍ക്കിന്റെ പ്രയോജനം ലഭിക്കും. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കും. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള വികസന പദ്ധതികളുടെ ഭാഗമായി 141.75 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരമായി. പമ്പയില്‍ സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, നിലയ്ക്കല്‍, എരുമേലി, പമ്പാവാലി, കീഴുലം എന്നിവിടങ്ങളില്‍ താമസ സൗകര്യത്തോടു കൂടിയ ഇടത്താവളങ്ങളും പദ്ധതിയുടെ ഭാഗമാണ്. ആനയടി-കൂടല്‍ റോഡിനായി 109.13 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. മുഴുപ്പിലങ്ങാട് ബീച്ച് റിസോര്‍ട്ട് ഡവലെപ്പ്‌മെന്റ് പദ്ധതിക്കായി 39.42 കോടി നീക്കിവച്ചു. നേരത്തെ ചേര്‍ന്ന കിഫ്ബി നിര്‍വാഹക സമിതി യോഗം 1498 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. 100 കോടി രൂപയ്ക്കു താഴെ അടങ്കല്‍ വരുന്ന പദ്ധതികള്‍ക്കാണ് നിര്‍വാഹക സമിതി അംഗീകാരം നല്‍കുന്നത്. ഇതിനുമുകളിലുള്ള പദ്ധതികളാണ് ഡയറക്ടര്‍ ബോര്‍ഡ് പരിഗണിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ 13 പദ്ധതികള്‍ക്ക് 378.35 കോടി രൂപയും, പൊതുമരാമത്ത് വകുപ്പിന്റെ 43 പദ്ധതികള്‍ക്ക് 1002.73 കോടി രൂപയും, കായിക യുവജന ക്ഷേമ വകുപ്പിന്റെ എട്ട് പദ്ധതികള്‍ക്ക് 117.89 കോടി രൂപയുമാണ് അനുവദിച്ചത്.
നാല് കമ്പനികളാണ് പദ്ധതികള്‍ നടപ്പാക്കുക. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി കമ്പനിക്ക് 378.35 കോടി രൂപയുടെയും, കിറ്റ്‌കോയ്ക്ക് 117.89 കോടി രൂപയുടേയും, കേരള റോഡ് ഫണ്ട് ബോര്‍ഡിന് 660.18 കോടി രൂപയുടെയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് 142.54 കോടി രൂപയുടെയും പദ്ധതികളാണ് അനുവദിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ അടക്കം ഈ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ് ഐസക്, അംഗങ്ങളായ പ്ലാനിങ്് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, നിയമ വകുപ്പ് സെക്രട്ടറി സി.ജി ഹരീന്ദ്ര നാഥ്, ധന വിഭവ സെക്രട്ടറി മിന്‍ഹാജ് ആലം, സ്വതന്ത്ര അംഗങ്ങളായ പ്രൊഫ. സുശീല്‍ ഖന്ന, സലീം ഗംഗാധരന്‍, രാധാകൃഷ്ണന്‍ നായര്‍, സുദീപ്‌തോ മുണ്ട്‌ലേ, കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡോ. കെ.എം എബ്രഹാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."