ജില്ലയിലെ ആര്‍.ടി ഓഫിസുകളില്‍; ഏജന്റുമാരുടെ 'പിന്‍സീറ്റ് ഡ്രൈവിങ്'
മലപ്പുറം: ജില്ലയിലെ ആര്‍.ടി ഓഫിസുകള്‍ ഏജന്റുമാര്‍ കീഴടക്കുന്നു. പൊതുജനങ്ങള്‍ക്ക് സുതാര്യമായി എല്ലാ സഹായങ്ങളുമൊരുക്കി ആധുനികവല്‍ക്കരിച്ചിട്ടുള്ള ഓഫിസുകളില്‍ പോലും ഏജന്റുമാരുടെ പിന്‍സീറ്റ് ഡ്രൈവിങാണ് നടക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറം ആര്‍.ടി ഓഫിസില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ആര്‍.ടി ഓഫിസുകളില്‍ റെയ്ഡ് നടത്താനുള്ള പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ആര്‍.ടി ഓഫിസിലും പരിശോധന നടത്തിയത്. വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകും.
കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് ഏജന്റുമാര്‍ ഇറങ്ങിയോാടുകയും അവരെ പിന്തുടര്‍ന്ന സംഘം നാലുപേരെ പിടികൂടുകയും ചെയ്തിരുന്നു. ഓഫിസിലെ രജിസ്റ്റര്‍ ബുക്കുകളടക്കം നിരവധിരേഖകള്‍ ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മറ്റുള്ളവര്‍ക്ക് മനസിലാകാത്ത വിധം കോഡുഭാഷകള്‍ ഉപയോഗിച്ചാണ് ഏജന്റുമാരും ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തുന്നത്. തങ്ങളുടെ അപേക്ഷയാണെന്ന് ബോധ്യപ്പെടുത്താന്‍ ഫോട്ടോയ്ക്ക് സമീപം ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കും. ഏജന്റിന്റേയോ ഡ്രൈവിങ് സ്‌കൂളിന്റെയോ പേരിന്റെ ആദ്യ അക്ഷരമായിരിക്കുമത്. ഉദ്യോഗസ്ഥര്‍ക്കിത് പെട്ടെന്ന് മനസിലാക്കാനാകും. ലൈസന്‍സിനുള്ള അപേക്ഷയിലും പ്രത്യേക കോഡുകളുണ്ട്. പലനിറത്തിലുള്ള അപേക്ഷകള്‍ പല സ്‌കൂളുകളുടെ കോഡുകളാണ്. വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും ഏജന്റുമാര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. ഏജന്റുമാര്‍ പറയുന്ന തുക ഉപഭോക്താക്കള്‍ നല്‍കുകയും ചെയ്യുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ മിക്ക സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയും സ്വീകരിക്കുന്നുണ്ട്. ഇതിനായി ഓഫിസിനോട് ചേര്‍ന്ന് ഇ-സേവാ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുങ്ങിയ ചെലവില്‍ ഇവിടെ അപേക്ഷ സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട രേഖ പൊതുജനങ്ങള്‍ക്ക് കൈപ്പറ്റാം. തുച്ചമായ തുകമാത്രമാണ് ഇതിനായി ഈടാക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ബോധവന്‍മാരല്ലാത്തവരെ ചൂഷണം ചെയ്താണ് ഏജന്റുമാര്‍ കീശ വീര്‍പ്പിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തെകുറിച്ച് സാധാരണക്കാര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതും ഏജന്റുമാര്‍ക്ക് ഗുണകരമാകുന്നു. അപേക്ഷകല്‍ പെട്ടെന്ന് പരിഗണിക്കുന്നതിനു വേണ്ടി ആളുകള്‍ ഏജന്റുമാര്‍ക്ക് പണം നല്‍കി പേപ്പര്‍ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ആവശ്യപ്പെടുകയാണ്. ഓണ്‍ലൈന്‍ പക്രിയ സമയനഷ്ടവും പൊല്ലാപ്പുമാണെന്ന തെറ്റിധാരണയാണ് കൂടുതല്‍ പേര്‍ക്കുമുള്ളത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും പണം അധികം ചെലവഴിച്ച് ഏജന്റുമാരെ സമപീപ്പിച്ച് കാര്യം സാധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."