കേരളത്തിന്റെ പുരാരേഖകള്‍ ഇനി ഡിജിറ്റല്‍ ഭൂപടത്തില്‍
മലപ്പുറം: സംസ്ഥാനത്തിന്റെ ചരിത്രവും പൈതൃകവും പൊതുജനങ്ങളിലെത്തിക്കാന്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ മാതൃകാ പദ്ധതി. 'കേരള ഡിജിറ്റല്‍ പുരാരേഖ ഭൂപടം' എന്ന പദ്ധതിയിലൂടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരള പൈതൃക രേഖകള്‍ ഡിജിറ്റലാവുന്നത്.
കേരളത്തിന്റെ ചരിത്രത്തിലേക്കും സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിലേക്കും വെളിച്ചം വീശുന്ന പുരാരേഖകളുടെ വന്‍ശേഖരത്തെ സംസ്ഥാനത്ത് എത്തുന്ന സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്താനുദ്ദേശിച്ചാണ് രേഖകള്‍ ഡിജിറ്റലാക്കുന്നത്. ഒരോ പ്രദേശത്തെയും ചരിത്ര രേഖകളെ ആസ്പദമാക്കി ഒരു മിനുട്ടു മുതല്‍ രണ്ടു മിനുട്ടുവരെ ദൈര്‍ഘ്യമുള്ള 200 ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിക്കും. അവ പുരാരേഖാ അറ്റ്‌ലസിനോട് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം.
പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തും. ഇതു കോര്‍ത്തിണക്കിയാണ് സമഗ്രമായ ഒരു പുരാരേഖ ഭൂപടം ഒരുക്കുക.
രേഖകളുടെ പ്രാധാന്യം അനുസരിച്ച് ആവശ്യമെങ്കില്‍ ഒരു സ്ഥലത്തെക്കുറിച്ചു തന്നെ ഒന്നിലധികം ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. 62 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഡിജിറ്റല്‍ പുരാരേഖാ ഭൂപടം ഒരുക്കുന്നതിന് പുതിയ വെബ്‌സൈറ്റ്, യൂട്യൂബ് ചാനല്‍, മൊബൈല്‍ ആപ്പ്, ഹ്രസ്വചിത്രം എന്നിവ തയാറാക്കുന്നതിനാണ് തുക വിനിയോഗിക്കുക.
ഹ്രസ്വചിത്രങ്ങള്‍ക്ക് മൂന്നു ഭാഷകളിലുള്ള ശബ്ദരേഖ ഉണ്ടാകും. ഇതിനായി പ്രത്യേക ആപ്പ് തയാറാക്കും. തിരുവനന്തപുരത്തെ എം.എസ് ഇന്‍വിസ് മള്‍ട്ടിമീഡിയ എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."