മതം മാറിയ യുവതിയെ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ വനിതാകമ്മിഷന്‍ ഇടപെട്ടു
കൊച്ചി: മതം മാറിയ യുവതിയെ റിസോര്‍ട്ട് ജീവനക്കാരനായ ഭര്‍ത്താവ് പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന വനിതാകമ്മിഷന്‍ ഇടപെട്ടു. വൈക്കത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചില്ലെങ്കിലും നവമാധ്യമങ്ങളിലൂടെ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്.
കേസ് എടുത്ത് അന്വേഷണം ആരംഭിച്ച വൈക്കം പൊലിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കമ്മിഷന്‍ ആരാഞ്ഞു. പൊലിസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കമ്മിഷന് തല്‍കാലം കേസ് ഏറ്റെടുക്കാന്‍ കഴിയില്ല. എന്നാല്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കാണിച്ച് യുവതി പരാതി നല്‍കിയാല്‍ കമ്മിഷന്‍ ഇടപെടും.
ഇക്കഴിഞ്ഞ മുപ്പതിനാണ് ചെമ്മനാകരിയിലെ റിസോര്‍ട്ടില്‍ വച്ച് മലപ്പുറം സ്വദേശിനിയായ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച് അവശയാക്കിയ നിലയില്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.യുവതിക്ക് തലയ്ക്ക് ക്ഷതമേറ്റിരുന്നു. ജോലി സ്ഥലത്തുവച്ച് പ്രണയത്തിലായതിനെ തുടര്‍ന്ന് 2014 ജനുവരി 17നാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി നമ്പിടി വീട്ടില്‍ അഭിജിത് ബാലനുമായി യുവതിയുടെ വിവാഹം നടക്കുന്നത്. ക്രിസ്തു മതത്തില്‍പെട്ട യുവതിയെ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് അഭിജിത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആര്യസമാജത്തിലെത്തിച്ച് മതം മാറ്റുകയായിരുന്നു.
തുടര്‍ന്നായിരുന്നു വിവാഹം. എന്നാല്‍ അഭിജിത്തിന് റിസോര്‍ട്ടിലെ മാനേജര്‍ ഉദ്യോഗം ലഭിച്ചതിനെ തുടര്‍ന്ന് സ്വത്തിന്റെ ഭാഗം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിക്കുകയായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. ബന്ധം ഉപേക്ഷിച്ച് പോകണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
അഭിജിത്തിന്റെ മാതാപിതാക്കളും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതി പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. താന്‍ പ്രസവിക്കാന്‍ പാടില്ലെന്ന് ഭര്‍തൃമാതാവ് ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തിയിരുന്നു. അതിനിടെ സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. പ്രതി ഒളിവില്‍പോയതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."