ഉ.കൊറിയ യുദ്ധം ഇരന്നുവാങ്ങുന്നു: നിക്കി ഹാലെ
സിയൂള്‍: ഉത്തരകൊറിയക്ക് താക്കീതുമായി അമേരിക്ക വീണ്ടും. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നതായി യു.എസ് അംബാസഡര്‍ നിക്കി ഹാലെ. യു.എന്‍ രക്ഷാസമിതിയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് കിം ജോങ് ഉന്നിനും ഉ.കൊറിയക്കുമെതിരേ ശക്തമായ മുന്നറിയിപ്പുമായി നിക്കി ഹാലെ രംഗത്തെത്തിയത്. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ചും ഉ.കൊറിയ ആണവപരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ് നിക്കി ഹാലെയുടെ പ്രസ്താവന.
അമേരിക്ക ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ രാജ്യത്തിന്റെ ക്ഷമ അതിരില്ലാത്തതല്ല. ഉ.കൊറിയ എല്ലാ അതിരും ലംഘിച്ചുകഴിഞ്ഞു. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് ഇനി കാര്യമില്ല. പ്രശ്‌നപരിഹാരത്തിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനിയും കാത്തിരിക്കുക സാധ്യമല്ല. ഉ.കൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണ്-നിക്കി ഹാലെ പറഞ്ഞു.
ഉ.കൊറിയയുടെ ആണവപദ്ധതികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും അവര്‍ കുറ്റപ്പെടുത്തി. ഉ.കൊറിയയുടെ അടുത്ത സുഹൃത്തായ ചൈനയെയായിരുന്നു ഹാലെ പ്രധാനമായും വിമര്‍ശനത്തിനിരയാക്കിയത്. ഹൈഡ്രജന്‍ പരീക്ഷണത്തിനു പിന്നാലെ ഉ.കൊറിയ വീണ്ടും ആണവപരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കി.
അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഉ.കൊറിയ കഴിഞ്ഞ ദിവസം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. ഇതു മേഖലയില്‍ 6.3 തീവ്രതയുള്ള ഭൂചലനത്തിനുമിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."