ഗൗരി ലങ്കേഷിന്റെ കൊലപാതകം: മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
കണ്ണൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുമേന്തി പ്രസ്‌ക്ലബ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. പൊതുയോഗത്തിന് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമെത്തി. സ്വതന്ത്രമായി ചിന്തിക്കുകയും ആശയപ്രചാരണം നടത്തുകയും ചെയ്യുന്നവരെ ഭയക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് ഗൗരി ലങ്കേഷിനെ വകവരുത്തിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പോലും അനുവദിക്കാത്തവരാണ് ഈ അരുംകൊലയുടെ പ്രായോജകരെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
ഹിന്ദുത്വ തീവ്രവാദ പ്രചാരണങ്ങള്‍ക്കെതിരേ നിലകൊണ്ട ഡോക്ടര്‍ കല്‍ബുര്‍ഗിയെയും ഗോവിന്ദ പന്‍സാരെയും നരേന്ദ്ര ദവോല്‍ക്കറെയും വകവരുത്തിവര്‍ തന്നെയാണ് ഗൗരി ലങ്കേഷിനെ ഇല്ലാതാക്കിയതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് പറഞ്ഞു. എതിരാളികളാല്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ വേലായുധന്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി എം.കെ മനോഹരന്‍, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.പി.സി രഞ്ജിത്, ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."