കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പട്ടിണി സമരം നടത്തി
വൈക്കം: തെരഞ്ഞെടുപ്പ് കാലത്തു നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാതെ ജീവനക്കാരെ വഞ്ചിക്കുകയും ജോലിസമയം കൂട്ടുകയും ചെയ്ത ഇടതുസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി വൈക്കം ഡിപ്പോയ്ക്ക് മുന്പില് ജീവനക്കാര്‍ നടത്തിയ പട്ടിണി സമരം കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മോഹന്‍ ഡി. ബാബു ഉദ്ഘാടനം ചെയ്തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 16000 കോടിയായിരുന്ന കടബാധ്യത കഴിഞ്ഞ പതിനഞ്ചു മാസം കൊണ്ട് 30000 കോടിയിലധികമാക്കിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും അധികാരത്തിലെത്തിയാല്‍ ഒരിക്കല്‍ പോലും പെന്ഷന് മുടക്കില്ലെന്ന് വീമ്പു പറഞ്ഞവര്‍ ഇപ്പോള്‍ പെന്ഷന് പറ്റിയ ജീവനക്കാരെ തിരിഞ്ഞു നോക്കുന്നില്ലെന്നും ജീവനക്കാരുടെ പ്രതിമാസ ശമ്പള വിതരണം പോലും മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധത്തില്‍ കുത്തഴിഞ്ഞ നിലയിലാണെന്നും എന്തിനും ഏതിനും വൈക്കം ഡിപ്പോയ്ക്ക് മുന്നില്‍ നിരന്തരം സമരം ചെയ്തിരുന്നവരെ കാണാന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) യൂനിറ്റ് പ്രസിഡന്റ് ആര്.ജെ അജി അധ്യക്ഷനായി. ബി.ചന്ദ്രശേഖരന്, പി. ജോണ്സണ്, യൂനിയന്‍ സെക്രട്ടറി ഇ.പി രാജീവ്, കമ്മിറ്റി അംഗങ്ങളായ ബി. സാമോന്‍, ഡ്രൈവേഴ്സ് യൂനിയന്‍ പ്രസിഡന്റ് എം.എം ഇബ്രാഹിം, സെക്രട്ടറി ഇ.സി ആന്റണി സംസാരിച്ചു. രാവിലെ എട്ടിന് ആരംഭിച്ച സമരം വൈകുന്നേരം അഞ്ചിന് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."