നന്ദകുമാറും ആശിഷ് ഖേതനും സനാതന്‍ സന്‍സ്തയുടെ ഹിറ്റ്‌ലിസ്റ്റില്‍
ന്യൂഡല്‍ഹി: സംഘ്പരിവാരം പ്രതിസ്ഥാനത്തുള്ള ധബോല്‍കര്‍ വധക്കേസ് അന്വേഷിക്കുന്ന മലയാളിയായ സി.ബി.ഐ എസ്.പി നന്ദകുമാര്‍ നായര്‍, ആം ആദ്മി പാര്‍ട്ടി നേതാവും പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് ഖേതനും സനാതന്‍ സന്‍സ്തയുടെ 'ഹിറ്റ്‌ലിസ്റ്റി'ല്‍. സനാതന്‍ സന്‍സ്തയില്‍ നിന്നു അടുത്തിടെ രണ്ട് തവണ ആശിഷ് ഖേതന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദുത്വ ഗ്രൂപ്പിന്റെ ലിസ്റ്റില്‍ മലയാളി സി.ബി.ഐ ഉദ്യോഗസ്ഥനും ഉണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്.
സനാതന്‍ സന്‍സ്തയുടെ അഭിഭാഷകന്‍ സജീവ് പുനലേക്കറിനെ ചോദ്യംചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. നന്ദകുമാര്‍ നായര്‍ ഗുരുവായൂര്‍ സന്ദര്‍ശനം നടത്തിയ കാര്യം അറിയാമെന്ന് ചോദ്യംചെയ്യലില്‍ സജീവ് പറയുകയുണ്ടായി. സന്‍സ്ത പ്രവര്‍ത്തകര്‍ നന്ദകുമാറിനെ പിന്തുടരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ചെയ്തത്.
ധബോല്‍കര്‍ വധക്കേസില്‍ സനാതന്‍ സന്‍സ്ത നേതാവ് ഡോ. വീരേന്ദര്‍ താവ്‌ദെയെ നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തിരുന്നു.
താവ്‌ദെയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് നന്ദകുമാര്‍ പറയുകയും ചെയ്തിരുന്നു. ധബോല്‍കറെ 'രാക്ഷസ് ' എന്നാണ് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.
സി.ബി.ഐ തയാറാക്കിയ കുറ്റപത്രത്തില്‍ ഹിറ്റ്‌ലിസ്റ്റില്‍ പെടുത്തുന്ന ആളുകളെയാണ് സന്‍സ്ത പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ അഭിസംബോധന ചെയ്യാറുള്ളത്. നന്ദകുമാര്‍ നായരെയും 'രാക്ഷസ് ' എന്നാണ് സന്‍സ്ത പ്രവര്‍ത്തകര്‍ വിളിക്കുന്നത്.
കൊല്ലപ്പെടുന്നതിന് മുന്‍പ് ധബോല്‍കറിനും പന്‍സാരെയ്ക്കും ഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകവുമായി സമാനതകളുണ്ടോ എന്ന് കര്‍ണാടക പൊലിസ് അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ ആശിഷ് ഖേതന് ലഭിച്ച ഭീഷണിക്കത്തുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഭീഷണിക്കത്തുകളുടെ പശ്ചാത്തലത്തില്‍ ഖേതന്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ത, ഹിന്ദു ജന്‍ജാഗരണ്‍ സമിതി തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പേരില്‍ തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ തെഹല്‍ക്കയില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ഒളികാമറ ഓപ്പറേഷന്‍ നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവന്നിരുന്നു ആശിഷ് ഖേതന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."