എല്ലാ പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കും: സൂകി
യാങ്കോന്‍: റോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന വംശീയ കൂട്ടക്കൊലയില്‍ ഒടുവില്‍ മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി വായ തുറന്നു. കലാപബാധിത പ്രദേശമായ റാഖൈനിലെ എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരമാവധി ചെയ്യുന്നതായി സൂകി അവകാശപ്പെട്ടു. ഓഗസ്റ്റ് 25ന് മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യകള്‍ക്കെതിരേ സര്‍ക്കാര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ അക്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും സൂകി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
അതേസമയം, റോഹിംഗ്യകളുടെ പലായനത്തെ കുറിച്ച് സൂകി ഒന്നും പ്രതികരിച്ചിട്ടില്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സംരക്ഷണം നല്‍കാന്‍ ഭരണകൂടം ആകുന്നതു ചെയ്യുന്നുണ്ടെന്നു മാത്രമാണു വ്യക്തമാക്കിയത്. ''രാജ്യത്ത് കഴിയുന്നവര്‍ തങ്ങളുടെ പൗരന്മാരാണെങ്കിലും അല്ലെങ്കിലും എല്ലാവരെയും സംരക്ഷിക്കുക സര്‍ക്കാരിന്റെ ബാധ്യതയാണ്.
എന്നാല്‍, എല്ലാവരെയും സംരക്ഷിക്കാന്‍ മാത്രം പര്യാപ്തമല്ല രാജ്യത്തെ സംവിധാനങ്ങള്‍. എന്നാലും പരമാവധി എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവതു ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കും''-സൂകി പറഞ്ഞു.
വിഷയത്തില്‍ മൗനം പാലിച്ച സൂകിയുടെ നിലപാടില്‍ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. റോഹിംഗ്യകളെ സംരക്ഷിക്കാന്‍ ഉടന്‍ ഇടപെടണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെടുകയും തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. മാലിദ്വീപ് മ്യാന്മറുമായുള്ള വ്യാപാരബന്ധങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. അന്താരാഷ്ട്ര സാമൂഹിക പ്രവര്‍ത്തകര്‍ സൂകിയുടെ നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്നും ആവശ്യമുയര്‍ത്തി.
റാഖൈനിലെ സംഭവവികാസങ്ങളെ കുറിച്ചു തെറ്റായ വാര്‍ത്തകളാണു പ്രചരിക്കുന്നതെന്നും ഭീകരപ്രവര്‍ത്തനങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ചൊവ്വാഴ്ച സൂകി പ്രതികരിച്ചിരുന്നെങ്കിലും റോഹിംഗ്യകളെ അവര്‍ പരാമര്‍ശിച്ചിരുന്നില്ല. വിഷയത്തില്‍ റഷ്യ, ചൈന, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയതായി മ്യാന്മര്‍ അറിയിച്ചിട്ടുണ്ട്. മ്യാന്മറിന്റെ ആശങ്കകള്‍ക്കൊപ്പമാണ് രാജ്യമെന്ന് കഴിഞ്ഞ ദിവസം മ്യാന്മറില്‍ സൂകിയുമായി നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അതിനിടെ, മ്യാന്മറില്‍നിന്ന് ബംഗ്ലാദേശിലേക്കുള്ള റോഹിംഗ്യന്‍ പലായനം കുറഞ്ഞിട്ടുണ്ട്. 18,000ത്തോളം പേരാണ് കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്നത്. അതോടെ ബംഗ്ലാദേശിലെത്തിയ റോഹിംഗ്യകളുടെ എണ്ണം 1,64,000 ആയി. ഓഗസ്റ്റ് 25 മുതല്‍ വിവിധ രാജ്യങ്ങളിലെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം മൂന്നു ലക്ഷം കടന്നതായി യു.എന്നിനു കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ല്യു.എഫ്.പി) ബംഗ്ലാദേശ് വക്താവ് ദിപയാന്‍ ഭട്ടാചാര്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."