മുഖ്യശത്രുവിനെച്ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം
ന്യൂഡല്‍ഹി: മാറിയ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അടവുനയം മാറ്റുന്നതിനെ ചൊല്ലി സി.പി.എം പോളിറ്റ് ബ്യൂറോയില്‍ തര്‍ക്കം. ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ടു പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയം മാറ്റണമെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ബംഗാള്‍ ഘടകം വാദിച്ചപ്പോള്‍, ബി.ജെ.പിയെ നേരിടാനായി കോണ്‍ഗ്രസുമായി കൂട്ടുകൂടാനാകില്ലെന്ന നിലപാടില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ കേരളാഘടകവും ഉറച്ചു നിന്നു. മുഖ്യശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കണോ എന്ന കാര്യത്തില്‍ അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച നടക്കും.
രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അടവുനയം മാറ്റേണ്ടത് അത്യാവശ്യമാണെന്ന് സീതാറാം യെച്ചൂരി യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുംചെയ്തു. 2015ല്‍ വിശാഖപ്പട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നപ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. അതിനാല്‍ അടവുനയത്തിലും മാറ്റം വേണം. അതത് കാലത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ രാഷ്ട്രീയനയം രൂപീകരിക്കാറുള്ളത്. എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കിയാണ് രാഷ്ട്രീയ അടവുനയത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക. എല്ലാകാലത്തും പാര്‍ട്ടി സ്വീകരിച്ചുവന്നത് ഇതേ ശൈലി തന്നെയാണെന്നും യെച്ചൂരി പറഞ്ഞു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് 2018 ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖ യെച്ചൂരി യോഗത്തില്‍ അവതരിപ്പിച്ചു. വര്‍ഗീയ കക്ഷികളെ ചെറുക്കാന്‍ രാഷ്ട്രീയ അടവുനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് യെച്ചൂരി യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ബി.ജെ.പിയെ മുഖ്യശത്രുവായി കാണുക എന്നതിന് കോണ്‍ഗ്രസുമായി സഹകരിക്കുക എന്നര്‍ഥമില്ലെന്ന് ഇതിനു കാരാട്ട് മറുപടി നല്‍കി. ഇതോടെ, മുഖ്യശത്രു ആരെന്നു ചര്‍ച്ച ചെയ്തു തീരുമാനിച്ചിട്ടു മതി ബാക്കി കാര്യങ്ങള്‍ എന്നു യെച്ചൂരി പ്രതികരിച്ചു. ബി.ജെ.പിയെ മുഖ്യശത്രുവായി കണ്ട് കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നതാണ് അടവുനയത്തിലെ പ്രധാന മാറ്റം.
രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച ഒറ്റക്കെട്ടായി തടയേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാല്‍ അടവുനയത്തില്‍ സാഹചര്യത്തിനനുസരിച്ച് മാറ്റമുണ്ടാകണമെന്നും ബംഗാള്‍ ഘടകം വാദിച്ചു.
എന്നാല്‍, കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്നും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനത്തില്‍ വെള്ളം ചേര്‍ക്കേണ്ട കാര്യമില്ലെന്നുമാണ് പ്രകാശ് കാരാട്ട് വിഭാഗം വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."