അവധിക്കാല തിരക്കിലമര്‍ന്ന് ട്രെയിനുകള്‍
കോഴിക്കോട്: അവധിക്കാലത്ത് യാത്രക്കാര്‍ നിറയുമ്പോഴും ആവശ്യത്തിനു ട്രെയിനുകള്‍ അനുവദിക്കാതെ ജനത്തിന് റെയില്‍വേ നല്‍കുന്നത് ദുരിതം മാത്രം.
ഓണം, പെരുന്നാള്‍ ആഘോഷ അവധിക്കെത്തിയവരെ കൊണ്ട് മിക്ക പ്രതിദിന ട്രെയിനുകളും നിറഞ്ഞോടുമ്പോഴാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാതെ ഇത്തവണവും യാത്രക്കാര്‍ക്ക് റെയില്‍വേ ദുരിതം സമ്മാനിച്ചിരിക്കുന്നത്. സ്ഥിരം യാത്രക്കാര്‍ ആശ്രയിക്കുന്ന പരശുറാം, എഗ്‌മോര്‍, നേത്രാവതി, ഏറനാട്, ഇന്റര്‍സിറ്റി, ജനശതാബ്ദി എന്നീ പകല്‍ ട്രെയിനുകള്‍ കാലുകുത്താനിടമില്ലാത്ത വിധം തിരക്കിലമര്‍ന്നാണ് സര്‍വിസ് നടത്തുന്നത്.
അതേസമയം തിരുവനന്തപുരം-മംഗളൂരു, എറണാകുളം-മുംബൈ റൂട്ടുകളില്‍ ആവശ്യത്തിനു പ്രത്യേക ട്രെയിനുകളില്ല. ഇക്കുറി തിരക്ക് കുറയ്ക്കാന്‍ റെയില്‍വേ പ്രഖ്യാപിച്ച 06503 കൊച്ചുവേളി-മംഗളൂരു എക്‌സ്പ്രസ് ഇനി 29 വരെ വെള്ളിയാഴ്ചകളിലും 02197 കോയമ്പത്തൂര്‍-ജബല്‍പൂര്‍ തിങ്കളാഴ്ചകളിലും സര്‍വിസ് നടത്തുന്നുണ്ടെങ്കിലും തിരക്കിന് ഒട്ടും കുറവില്ല. ദീര്‍ഘദൂര ട്രെയിനുകളിലെ ബുക്കിങ് ഓണത്തിനു മുന്‍പേ വെയിറ്റിങ് ലിസ്റ്റിലാണ്. ഇത് ഉത്തരേന്ത്യയില്‍നിന്നു നാട്ടിലേക്കെത്തിയ മലയാളി കുടുംബങ്ങളെ വലയ്ക്കുന്നുണ്ട്.
ജനറല്‍ കോച്ചുകളില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത വിധം വന്‍ തിരക്കാണു പ്രതിദിന ട്രെയിനുകളിലെല്ലാം അനുഭവപ്പെടുന്നത്. സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രക്കാര്‍ എത്തുന്നതോടെ റിസര്‍വേഷന്‍ കോച്ചുകളിലും പതിവില്ലാത്ത വിധം തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രതിദിന സര്‍വിസ് നടത്തുന്ന കോഴിക്കോട്-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ട്രെയിനുകളിലും അടുത്തദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല. അവധിക്കു നാട്ടിലെത്തിയവര്‍ തിരിച്ചുപോകാന്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തതാണ് തിരക്കിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."