കരീബിയന്‍ ദ്വീപുകളെ തകര്‍ത്തെറിഞ്ഞ് ഇര്‍മ
വാഷിങ്ടന്‍: കരീബിയന്‍ ദ്വീപുകളെ നാമാവശേഷമാക്കി ഇര്‍മ ചുഴലിക്കാറ്റ് താണ്ഡവം തുടരുന്നു. ദിവസങ്ങളായി തുടരുന്ന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. സെന്റ് മാര്‍ട്ടിനിലാണ് ഇര്‍മ വ്യാപകനാശം വിതച്ചത്.
സെന്റ് മാര്‍ട്ടിന്‍ അടക്കം ഫ്രഞ്ച് അധീനതയിലുള്ള കരീബിയന്‍ ദ്വീപുകളില്‍ ഒന്‍പതു പേരും, യു.എസ് ദ്വീപായ വിര്‍ജിന്‍ ഐലന്‍ഡ്‌സില്‍ നാലുപേരും പ്യൂര്‍ട്ടോറിക്കോയില്‍ മൂന്നുപേരും ബ്രിട്ടീഷ് അധീനതയിലുള്ള ആന്‍ഗ്വില്ല, ബാര്‍ബുഡ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണു മരിച്ചത്. ബാര്‍ബുഡ ഏതാണ്ടു പൂര്‍ണമായി തകര്‍ന്നടിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളായ ഫ്‌ളോറിഡയിലും മിയാമിയിലും ചുഴലിക്കാറ്റ് എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
അപകട മുന്നറിയിപ്പിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് അമേരിക്കയില്‍ നടന്നുവരുന്നത്. അപകടഭീഷണി നിലനില്‍ക്കുന്ന കിഴക്കന്‍ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ഫ്‌ളോറിഡയില്‍നിന്നാണ് ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കുന്നത്.
എന്നാല്‍, അമേരിക്കന്‍ തീരത്തേക്ക് അടുക്കുന്തോറും ചുഴലിക്കാറ്റിന്റെ വേഗം കുറയുന്നതായാണു വിവരം. ഏറ്റവും ശക്തിയേറിയ അഞ്ചാം കാറ്റഗറിയില്‍നിന്ന് നാലാം കാറ്റഗറിയിലേക്ക് ഇര്‍മയുടെ വേഗം കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ഫ്‌ളോറിഡക്കു പുറമെ അമേരിക്കക്കു കീഴിലുള്ള പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ 95 ശതമാനവും വെള്ളത്തിനടിയിലായിട്ടുണ്ട്. രണ്ടു ചെറുദ്വീപുകള്‍ അടങ്ങുന്ന ബാര്‍ബുഡയില്‍ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഇവിടെയുള്ള രണ്ടായിരത്തോളം വരുന്ന ആളുകളുടെ വീടുകളെല്ലാം തകര്‍ന്നവയില്‍ ഉള്‍പ്പെടും.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപത്തുനിന്ന് രൂപം കൊണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഇര്‍മ നിലവില്‍ മണിക്കൂറില്‍ 285 കി.മീറ്റര്‍ വേഗത്തിലാണു വീശിയടിക്കുന്നത്. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇര്‍മ കൂടുതല്‍ ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങള്‍ നേരത്തേതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
1928ലെ ഫെലിപ് ചുഴലിക്കാറ്റിനുശേഷം ഇവിടങ്ങളിലെത്തുന്ന ഏറ്റവും ഭീകരമായ കാറ്റാണ് ഇര്‍മ. അമേരിക്കയിലെ ടെക്‌സാസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി ചുഴലിക്കാറ്റില്‍ 50 പേര്‍ മരിക്കുകയും രണ്ടു ലക്ഷത്തോളം വീടുകള്‍ക്കു കേടുപറ്റുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."