നിയമസഭ വജ്രജൂബിലി: പരിപാടികള്‍ക്ക് ഇന്ന് തുടക്കം
കണ്ണൂര്‍: കേരള നിയമസഭ വജ്രജൂബിലിയുടെ ഭാഗമായുള്ള ജില്ലയിലെ ആഘോഷങ്ങള്‍ക്ക് ഇന്ന് കല്ല്യാശ്ശേരിയില്‍ തുടക്കമാകും. 11 വരെ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുന്നത്. നിയമസഭാ സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കല്യാശ്ശേരി കെ.പി.ആര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയമസഭാ മ്യൂസിയം വിഭാഗം ഒരുക്കുന്ന നിയമസഭാ ചിത്രപ്രദര്‍ശനവും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന സഹായി പവലിയനും ഇന്ന് രാവിലെ 10ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
രാവിലെ 11.30ന് കേരളം സാമൂഹ്യ വികസനത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍ ഡോ. പി.ജെ വിന്‍സെന്റ് പ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ആറിന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ എഴുതി സംവിധാനം ചെയ്ത മത്തായിയുടെ മരണം എന്ന നാടകവും അരങ്ങേറും.
നാളെ രാവിലെ 8.30ന് പയ്യാമ്പലത്തെ നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. ഡെപ്യൂട്ടി സ്പീക്കര്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും. വൈകുന്നേരം 3ന് കല്ല്യാശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളും ഇ.കെ നായനാര്‍ സ്മൃതി സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനാകും. നായനാരുടെ പത്‌നി ശാരദ ടീച്ചറും കുടുംബവും പങ്കെടുക്കും. ജില്ലയിലെ മുന്‍ നിയമസഭാ സാമാജികരെ ആദരിക്കുന്ന ചടങ്ങില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും പങ്കെടുക്കും. വൈകുന്നേരം 6ന് പൊന്തിമുഴക്കം നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും അരങ്ങേറും.
11ന് രാവിലെ 10ന് റബ്‌കോ ഓഡിറ്റോറിയത്തില്‍ സെമിനാര്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ്മ എം.എല്‍.എ വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്ക് 1.30ന് കല്ല്യാശ്ശേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മാതൃകാനിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ടി.വി രാജേഷ് എം.എല്‍.എ, കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി സക്കറിയ പി. സാമുവല്‍, സ്‌പെഷല്‍ സെക്രട്ടറി പി.കെ ഗിരിജ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."