പ്ലാച്ചിമട സമരം പുനരാരംഭിക്കുന്നു: ഇന്ന് സമരനേതാക്കളുടെ യോഗം
പാലക്കാട് : മുഖ്യമന്ത്രിയും പ്ലാച്ചിമട സമരസമിതിയും തമ്മില്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളൊന്നും തന്നെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ച് പ്ലാച്ചിമട സമരസമിതി സമരം പുനരാരംഭിക്കുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമരസമിതി നേതാക്കളുടെ യോഗം ഇന്ന് ഉച്ചക്ക് ശേഷം മൂന്നുമണിക്ക് പാലക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ നടക്കും.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന മുഖ്യമന്ത്രിയുമായി പ്ലാച്ചിമട സമരപ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു നടപ്പാക്കുമെന്ന് ഗവണ്മെന്റ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് കളക്റ്ററേറ്റിന് മുന്‍പില്‍ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം തല്ക്കാലം നിര്‍ത്തി വെച്ചിരുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബുണല്‍ രൂപീകരിക്കുന്നതിനായി ജലവിഭവ വകുപ്പ് നിയമസഭയില്‍ ബില്ല് കൊണ്ടുവരുന്നതടക്കമുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.
സര്‍ക്കാര്‍ നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുവാനും പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും, പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരഐക്യദാര്‍ഢ്യ സമിതിയും സമരപന്തലില്‍ നടന്ന സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പ്ലാച്ചിമടയില്‍ നിലവില്‍ പന്തല്‍ സമരം തുടരുന്നുണ്ടെങ്കിലും, ഈ സാഹചര്യത്തില്‍ അതിനോടൊപ്പം സാധ്യമായ മറ്റു സമര രൂപങ്ങളെക്കുറിച്ചും, മാര്‍ഗ്ഗങ്ങളെക്കുറിച്ചും ആലോചിക്കുന്നതിനാണ് ഇന്നത്തെ പ്രത്യേക യോഗമെന്ന് അറുമുഖന്‍ പത്തിച്ചിറ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."