വടക്കഞ്ചേരി-മണ്ണുത്തി റോഡിന്റെ ശോചനീയാവസ്ഥ രണ്ടാഴ്ചക്കകം പരിഹരിക്കാന്‍ തീരുമാനം
മണ്ണുത്തി: മണ്ണുത്തി-വടക്കഞ്ചേരി റോഡിലെ കുഴികള്‍ പൂര്‍ണമായി അടക്കുന്നതിനും, പതിനഞ്ച് ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
മണ്ണുത്തി-വടക്കഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുന്നത് സംബന്ധിച്ച് തൃശ്ശൂര്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വഴക്കുംപാറ മുതല്‍ കൊമ്പഴ വരെയുളള 2.2 കിലോമീറ്റര്‍ നിലവിലുള്ള റോഡ് പൂര്‍ണമായും റീടാര്‍ ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി സെപ്റ്റംബര്‍ 12 മുതല്‍ 25 വരെ ഈ റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെ നിരോധിച്ചു.
ഗതാഗതം നിയന്ത്രിക്കുന്നതിനും, സുരക്ഷക്കുമായി തൃശ്ശൂര്‍ പൊലിസ് കമ്മിഷനറുടെ നേതൃത്വത്തില്‍ മണ്ണുത്തി-കുതിരാന്‍ ടാസ്‌ക് ഫോഴ്‌സിന്റെ സേവനവും ലഭ്യമാക്കും. മേഖലയില്‍ ഇരുപത്തിനാലു മണിക്കൂറും റിക്കവറി വാനിന്റെ സേവനവും ലഭ്യമാകും. റോഡ് സുരക്ഷക്കായി കൂടുതല്‍ സൂചനാ ബോര്‍ഡുകളും, സുരക്ഷ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും.
ദേശീയപാതയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ യോഗതീരുമാനങ്ങള്‍ നടപ്പിലാക്കുന്നതു കര്‍ശനമായി പരിശോധിക്കും. വാണിയമ്പാറ മേലെ ചുങ്കത്ത് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഓവര്‍പാസ് നിര്‍മിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണ്ണു ലഭ്യമാക്കുന്ന നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും, തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സെന്‍ട്രല്‍ ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസറെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഇന്നു ചേര്‍ന്ന യോഗതീരുമാനങ്ങള്‍ നടപ്പിലാക്കിയതും, കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയപാത നിര്‍മാണത്തില്‍ പ്രത്യേകമായി കൂട്ടിച്ചേര്‍ത്ത പദ്ധതികള്‍ നടപ്പിലാക്കിയതും സംബന്ധിച്ച് വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ പതിനാറ്് ഉച്ചക്ക് രണ്ടിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ വീണ്ടും ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസ്തുത യോഗത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, ഇറിഗേഷന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, മൈനിങ് ജിയോളജി തുടങ്ങിയ വകുപ്പധികൃതരെ കൂടി പങ്കെടുപ്പിക്കും.
കൂടാതെ മണ്ണുത്തി-വടക്കഞ്ചേരി റോഡിലെ പാലക്കാട് ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ കൂടി നവീകരണം നടപ്പിലാക്കുന്നതിനായി സെപ്റ്റംബര്‍ പതിനൊന്ന് ഉച്ചക്ക് രണ്ടിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ യോഗം ചേരുന്നുണ്ട്.
മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിര്‍മ്മാണം സംബന്ധിച്ച് ജനങ്ങളുടെ പരാതികളും, നിര്‍മാണത്തിലെ അശാസ്ത്രീയതയും പൂര്‍ണമായി പരിഹരിക്കുന്നതിനും, പരാതികള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കും വിധം നിര്‍മാണം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും പി.കെ.ബിജു എം.പി നേതൃപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
യോഗത്തില്‍ പി.കെ ബിജു എം.പി, കെ.രാജന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍മാരായ ഡോ. എ. കൗശികന്‍, പി.സുരേഷ് ബാബു, പൊലിസ് കമ്മിഷനര്‍ രാഹുല്‍ ആര്‍ നായര്‍, എ.സി.പി പി. വാഹിദ്, നാഷനല്‍ ഹൈവേ പ്രൊജക്ട് ഡയരക്ടര്‍ ലോകേഷ് സിന്‍ഹ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത കെ.വി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ.എസ് ഉമാദേവി, തൃശ്ശൂര്‍ എ.ഡി.എം സി.വി സാജന്‍, ആര്‍.ഡി.ഒ സി. ലതികാ, ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാനവാസ്, ആര്‍.ടി.ഒ അജിത്കുമാര്‍, ദേശീയപാത നിര്‍മ്മാണ കമ്പനി പ്രതിനിധികളായ പി.സതീഷ് റെഡ്ഡി യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."