കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജില്‍ സുരക്ഷാടാഗ് പതിക്കുന്നത് നിര്‍ത്തലാക്കി
കൊണ്ടോട്ടി: വിമാനത്തില്‍ യാത്രക്കാര്‍ കൊണ്ടുപോകുന്ന ബാഗേജുകളില്‍ സൂക്ഷാടാഗ് പതിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തലാക്കി. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവു പ്രകാരം കരിപ്പൂരും കോയമ്പത്തൂരും ഉള്‍പ്പെടെ നാലു വിമാനത്താവളങ്ങളിലാണ് തീരുമാനം നടപ്പിലാക്കുന്നത്.
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ അന്താരാഷ്ട്ര ആഭ്യന്തര യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകളില്‍ സുരക്ഷാ ടാഗ് ഒഴിവാക്കും. കഴിഞ്ഞ മാസം 21 മുതല്‍ പരീക്ഷണമെന്ന നിലയില്‍ ആഭ്യന്തരയാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കിയിരുന്നു. ഓഗസ്റ്റ് 27 വരെ താല്‍ക്കാലികമായായിരുന്നു നടപടി.
രാജ്യവ്യാപകമായി വ്യോമയാനമന്ത്രാലയവും വിമാനത്താവളസുരക്ഷാ ചുമതലയുള്ള കേന്ദ്രവ്യവസായ സുരക്ഷാസേനയും ചേര്‍ന്ന് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിക്കം. പദ്ധതി നടത്തിപ്പിന്റെ മൂന്നാംഘട്ടത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ടാഗ് പിന്‍വലിച്ചിരിക്കുന്നത്.
നിലവില്‍ യാത്രക്കാരന്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ ബാഗേജുകള്‍ എക്‌സ്‌റേ പരിശോധന നടത്തിയശേഷം തുറക്കാനാവാത്ത തരത്തില്‍ ബാഗേജില്‍ സുരക്ഷാ ടാഗ് പതിക്കുകയാണ് ചെയ്തിരുന്നത്. യാത്രക്കാരന്റെ ദേഹപരിശോധന നടത്തുന്ന സമയത്തും, കൗണ്ടറില്‍ ബോര്‍ഡിങ് പാസ് ലഭിക്കാതെ യാത്രയ്‌ക്കെത്തുന്ന സമയത്തും സീല്‍ കണ്ടില്ലെങ്കില്‍ യാത്രക്കാരന്‍ തിരിച്ച് ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തി സുരക്ഷാ സീല്‍ പതിക്കണമായിരുന്നു.
സീല്‍ ഉള്ള ബാഗേജുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുവദിച്ചിരുന്നതും വിമാനത്തില്‍ കയറ്റിയിരുന്നതും. സീല്‍ നീക്കി ബാഗേജുകള്‍ തുറക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.
2017 ന്റെ തുടക്കത്തിലാണ് നിയമത്തില്‍ അയവുവരുത്താന്‍ ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും, കേന്ദ്ര വ്യവസായ സുരക്ഷാ സേനയും ചേര്‍ന്ന് തീരുമാനിച്ചത്. പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കൊത്ത വിമാനത്താവളങ്ങളില്‍ പദ്ധതി നടപ്പാക്കി.
ഇത് വിജയമെന്ന് കണ്ടതിനെതുടര്‍ന്നാണ് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."