സജീവ്കുമാറിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ഭാര്യ ജെസി അന്തമാനില്‍ തന്നെ കഴിയുന്നു
ബാലുശ്ശേരി: പ്രതിരോധ വകുപ്പ് എല്ലാ സാധ്യതകളും ഉപയോഗിച്ചു നടത്തുന്ന തെരച്ചിലില്‍ പ്രതീക്ഷയര്‍പ്പിച്ച് അന്തമാനിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുകയാണ് സജീവ്കുമാറിന്റെ ഭാര്യ ജെസി. പത്തു വയസുകാരിയായ മകളും സജീവ്കുമാറിന്റെ സഹോദരനും കൂടെയുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയാണു ഭാര്യ ജെസിയെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ തന്നെ കഴിയാന്‍ പ്രേരിപ്പിക്കുന്നത്.
മകന്റെ തിരിച്ചുവരവ് കാത്തുകഴിയുകയാണ് പിതാവ് കാക്കൂര്‍ തട്ടൂര് അപ്പു നിവാസില്‍ രാജനും ഭാര്യ ചന്ദ്രമതിയും. കഴിഞ്ഞ മാസം 22നാണ് ചെന്നൈയിലെ താംബരം വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് 29 പേരുമായി അന്തമാനിലെ പോര്‍ട്ട്‌ബ്ലെയറിലേക്കു പറന്ന എ.എന്‍ 32 വിമാനം അപ്രത്യക്ഷമായത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്ത്വന വാക്കുകളില്‍ ആശ്വാസം കണ്ടെത്തിയിരുന്ന കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണു നാട്ടുകാര്‍.
മകന് ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലാണു കഴിഞ്ഞ 22 ദിവസമായി ഈ കുടുംബം കഴിയുന്നത്. കാണാതായ സൈനികരെ കുറിച്ചു പത്രങ്ങളില്‍ വന്ന ഊഹാപോഹങ്ങള്‍ സജീവ്കുമാറിന്റെ കുടുംബത്തിനു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, വാര്‍ത്തകളില്‍ കഴമ്പില്ലെന്നു വ്യക്തമായതോടെ ആ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റ അവസ്ഥയാണ്. അപകടത്തില്‍പെട്ട ചില സൈനികരുടെ ഫോണ്‍ റിങ് ചെയ്തിരുന്നുവെന്ന വാര്‍ത്തയറിഞ്ഞതു മുതല്‍ സുഹൃത്തുക്കള്‍ സജീവ്കുമാറിന്റെ നമ്പറിലേക്കും നിരന്തരമായി വിളിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."