ഹോസ്റ്റലില്‍ പട്ടിണി; ആദിവാസി കുട്ടികള്‍ തെരുവില്‍ ഭിക്ഷയെടുത്ത് വിശപ്പടക്കി
ശിവപുരി: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഹോസ്റ്റലിലെ അന്തേവാസികളായ 16 ആദിവാസി വിദ്യാര്‍ഥികള്‍ വിശപ്പടക്കിയത് തെരുവില്‍ ഭിക്ഷയാചിച്ച്. ശിവപുരി ജില്ലയിലെ സര്വയാ ഗ്രാമത്തിലെ ആണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിലെ അന്തേവാസികള്‍ക്കാണ് സര്‍ക്കാര്‍ അനാസ്ഥ മൂലം തെരുവില്‍ ഭിക്ഷയെടുത്ത് പട്ടിണി മാറ്റേണ്ടി വന്നത്.
ഹോസ്റ്റലിലേക്കുള്ള റേഷന്‍ അവസാനിച്ചിട്ടും ഭക്ഷണം എത്തിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് വിശപ്പ് സഹിക്കാനാകാതെ ഇവര്‍ തെരുവിലിറങ്ങിയത്. രണ്ട് ദിവസം തുടര്‍ച്ചയായി ഈ കുട്ടികള്‍ പട്ടിണിയായിരുന്നുവെന്ന് അധികൃതരും സമ്മതിക്കുന്നു.
ഹോസ്റ്റലിന്റെ ചുമതലയുള്ള സൂപ്രണ്ട് 20 ദിവസമായി അവധിയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് റേഷനും മണ്ണെണ്ണയും തീര്‍ന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ നിവൃത്തിയില്ലെന്നും ബന്ധപ്പെട്ടവരെ അറിയിച്ചതായി പാചകക്കാരന് പറഞ്ഞു.
രണ്ട് ദിവസം കാത്തിരുന്നിട്ടും ഒന്നും കിട്ടാതെ വലഞ്ഞ കുട്ടികള്‍ ശിവപുരി ജാന്‍സി റോഡിലിറങ്ങി യാത്രക്കാരോട് ഭിക്ഷ യാചിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ നാട്ടുകാര്‍ സഹായിച്ചതോടെയാണ് കുട്ടികള്‍ക്ക് ഭക്ഷണം കിട്ടിയത്. അതിനിടയില്‍ വിവരം അറിഞ്ഞ് ആദിവാസി വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതായും അന്വേഷണം തുടങ്ങിയതായും ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ ശിവാലി ചതുര്‍വേദി മാധ്യമങ്ങളെ അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുട്ടികള്‍ക്ക് ഗോതമ്പ് കിട്ടിയെന്നും അതുപയോഗിച്ച് ചപ്പാത്തിയുണ്ടാക്കിയാണ് കുട്ടികള്‍ വിശപ്പടക്കിയതെന്നും ശിവാലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."