ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍: ഇടതുസഖ്യത്തിന് വിജയം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് തിളക്കമാര്‍ന്ന വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാലുപ്രധാന സീറ്റുകളും എസ്.എഫ്.ഐ, ഐസ, ഡി.എസ്.എഫ് സഖ്യം തൂത്തുവാരി.
ഐസയുടെ ഗീതാകുമാരിയാണ് പ്രസിഡന്റ്. 1506 വോട്ടുകള്‍ ലഭിച്ച ഗീതാകുമാരി, എ.ബി.വി.പിയുടെ നിധി ത്രിപാഠിയെ 464 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1028 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ സിമോണ്‍ സോയാ ഖാന്‍ വൈസ്പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ദുഗ്ഗിരാല ശ്രീകൃഷ്ണയും (ഭൂരിക്ഷം 975) ജോയന്റ് സെക്രട്ടറിയായി സുഭാന്‍ഷു സിങ്ങും (ഭൂരിപക്ഷം 920) തെരഞ്ഞെടുക്കപ്പെട്ടു. നാല് സീറ്റിലും രണ്ടാംസ്ഥാനത്തെത്തിയ എ.ബി.വി.പിയെ ബഹുദൂരം പിന്നിലാക്കിയാണ് ഇടതുസഖ്യത്തിന്റെ വിജയം.
അതേസമയം, വിജയിക്കാനായില്ലെങ്കിലും ദലിത് മുന്നേറ്റത്തിന്റെ പുതിയ ചരിത്രം രചിക്കാന്‍ അംബേദ്ക്കറിസ്റ്റുകളുടെ ബാപ്‌സക്കു കഴിഞ്ഞു.
രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം രൂപീകൃതമായ ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍ (ബാപ്‌സ) തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാല് സീറ്റുകളിലും 900നു മുകളില്‍ വോട്ടുകള്‍ ഇവര്‍ നേടി.
ഇടത് ഐക്യത്തിനൊപ്പം നില്‍ക്കാതെ തനിച്ചുമല്‍സരിച്ച സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടന എ.ഐ.എസ്.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മലയാളിയായ അപരാജിത രാജക്ക് 416 വോട്ടുകള്‍ ലഭിച്ചു.
കഴിഞ്ഞവര്‍ഷവും ഇടതുസഖ്യത്തിനായിരുന്നു വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടാവും. കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പില്‍ 58.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."