ഫ്രാങ്ക് ഡി ബോറിനെ ക്രിസ്റ്റല്‍ പാലസ് പുറത്താക്കി; ഹോഡ്സന് പകരക്കാരന്
ലണ്ടന്‍: സീസണ് തുടങ്ങി നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ക്രിസ്റ്റല്‍ പാലസ് പരിശീലകന് ഫ്രാങ്ക് ഡി ബോറിനെ പുറത്താക്കി. നാല് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാതെ തുടര്‍ തോല്‍വി വഴങ്ങിയതിനെ തുടര്‍ന്നാണ് ഡച്ച് പരിശീലകനായ ഡി ബോര് പുറത്തേക്കുള്ള വഴി കണ്ടത്.
മുന്‍ ഇംഗ്ലണ്ട് പരിശീലകന് റോയ് ഹോഡ്സന് ഡി ബോറിന്റെ പകരക്കാരനാകും. പരിശീലകനെന്ന നിലയില്‍ ദീര്‍ഘ നാളത്തെ പരിചയസമ്പത്തുള്ള ആളാണ് ഹോഡ്സന്. നേരത്തെ ലിവര്‍പൂള്‍, വെസ്റ്റ് ബ്രോംവിച്, ഫുള്‍ഹാം ടീമുകളെ പരിശീലിപ്പിച്ചിരുന്നു. നാല് വര്‍ഷം ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു ഹോഡ്സന്.
നാല് മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ വഴങ്ങി ഹഡ്ഡേഴ്സ്ഫീല്‍ഡ്, ലിവര്‍പൂള്‍, സ്വാന്‍സീ സിറ്റി, ബേണ്‍ലി ടീമുകളോടാണ് ക്രിസ്റ്റല്‍ പരാജയപ്പെട്ടത്. ഒരു ഗോള്‍ പോലും അവര്‍ക്ക് തിരിച്ചടിക്കാന്‍ സാധിച്ചതുമില്ല. ഇതേത്തുടര്‍ന്നാണ് ക്ലബിന്റെ പെട്ടെന്നുള്ള നടപടി. സാം അല്ലാര്‍ഡൈസിന്റെ പകരക്കാരനായാണ് സീസണ് തുടക്കത്തില്‍ ഡി ബോര് ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അയാക്സിനെ ആറ് വര്‍ഷം പരിശീലിപ്പിച്ചതിന്റെ മികവുള്ള ഡി ബോര് കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എ വമ്പന്മാരായ ഇന്റര്‍ മിലാന്റെ പരിശീലകനായിരുന്നു.
85 ദിവസം പിന്നിട്ടപ്പോള്‍ തന്നെ ക്ലബിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് ഡി ബോറിനെ ഇറ്റാലിയന്‍ ടീം പുറത്താക്കിയിരുന്നു. പിന്നീടാണ് ക്രിസ്റ്റല്‍ പാലസ് മുന്‍ ബാഴ്സലോണ, അയാക്സ് താരം കൂടിയായിരുന്ന ഡിബോറിനെ ഇംഗ്ലണ്ടിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."