പെയ്‌തൊഴിഞ്ഞു; ഭവാനി ടീച്ചറുടെ ജീവിതദുരിതങ്ങള്‍
കല്‍പ്പറ്റ: ദുരിതങ്ങള്‍ക്ക് അറുതിയായി സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ അമ്മ വിടചൊല്ലി.
അധ്യാപികയായിരിക്കെ മികവിനുള്ള പുരസ്‌കാരങ്ങള്‍ നിരവധി തവണ നേടിയെങ്കിലും വിധിക്ക് മുന്നില്‍ പലപ്പോഴും തോല്‍ക്കാന്‍ വിധിക്കപ്പെട്ട അമ്മയായിരുന്നു ഭവാനിയമ്മ.
സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ അമ്മ, ഓര്‍മകളുടെ ഭാരം താങ്ങാനാവാതെ നാട് വിടേണ്ടി വന്ന നിസ്സഹായാവസ്ഥ, ശരീരത്തില്‍ വലിഞ്ഞുകയറി ആധിപത്യം സ്ഥാപിച്ച രോഗങ്ങള്‍, ഏഴുപത്തഞ്ചാം വയസില്‍ തീര്‍ന്നുപോയെന്ന് കരുതിയ ജീവിതത്തില്‍ നിന്ന് അമ്പരിപ്പിക്കുന്ന തിരിച്ചുവരവ്.
ഇങ്ങിനെ പലതുമായിരുന്നു സമൂഹത്തിന് മുന്നില്‍ ഭവാനിയമ്മ. മാതൃത്വം മോഹിച്ചതിന് മറ്റൊരു സ്ത്രീയും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത്ര വേദനകളാണ് അവര്‍ക്കൊറ്റക്ക് കരഞ്ഞുതീര്‍ക്കേണ്ടി വന്നത്. യൗവ്വനാരംഭത്തില്‍ തന്നെ നടന്ന വിവാഹത്തില്‍ കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് ബോധ്യമായതോടെ ആദ്യ വിവാഹത്തില്‍ നിന്നും ഭവാനി ടീച്ചര്‍ പിന്മാറുകയായിരുന്നു.
കുഞ്ഞിക്കാലിന്റെ താരള്യവും അമ്മേയെന്ന വിളിയും അവരില്‍ വേദനയുടെ വലിയ തിരകളായി വീശിയടിച്ചതോടെ വീണ്ടുമൊരു കല്യാണത്തിന് ഭവാനിയമ്മ മനസൊരുക്കം നടത്തി. രണ്ടാം വിവാഹവും സമ്മാനിച്ചത് നിരാശ മാത്രം. ഇതോടെയാണ് 62ാം വയസ്സില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ അമ്മയാവാന്‍ അവര്‍ തീരുമാനിച്ചത്. 62ാം വയസ്സില്‍ വന്ധ്യതാ ചികിത്സ നേടിയ ടീച്ചര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മാതൃത്വം അറിഞ്ഞനുഭവിച്ച രണ്ട് വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്ന് പോയി. 2004ല്‍ കണ്ണന്റെ രണ്ടാം വയസില്‍ ഭവാനിയമ്മ വീണ്ടും വിധിക്കുമുന്നില്‍ തോറ്റു. അലക്കുന്നതിനിടെ അടുത്തുവെച്ച ബക്കറ്റിന് സമീപം കളിക്കുകയായിരുന്ന കണ്ണന്‍ ബക്കറ്റിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അമ്മ കാണുന്നതിനും മുന്നേ ആ കുഞ്ഞ് ജീവന്‍ ആകാശം തേടിപ്പോയി. ഈയൊരു കുഞ്ഞിനായി ഒരമ്മയുടെ കാത്തിരിപ്പും കണ്ണീരും എത്രയായിരുന്നുവെന്ന് അറിയാനാവുന്നതിനും മുന്നേയായിരുന്നു അവന്റെ മടക്കം. ജീവിതത്തിന്റെ അര്‍ഥമായിരുന്ന കണ്ണന്റെ വേര്‍പാട് അവര്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. വേദനകളില്‍ മോചനം തേടി ജില്ലയിലെത്തിയ ഭവാനിയമ്മ പിണങ്ങോട്ടെ പീസ് ഹോമിലായിരുന്നു അവസാന കാലത്ത്. പീസിലെ സഹായികളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ വിംസ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.30ന് മരണം സംഭവിച്ചത്. ജന്മജന്മാന്തരങ്ങളില്‍ പോലും അമ്മയായി ജീവിച്ചതിന്റെ ധന്യതയിലാണ് ഭവാനിയമ്മ ഉടലുപേക്ഷിച്ച് മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."