യുവാവിനെ വീട്ടുമുറ്റത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി
ഹരിപ്പാട്: യുവാവിനെ വീട്ടുമുറ്റത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഹരിപ്പാട് അകംകുടി അരണപ്പുറം കറുകത്തറയില്‍ വര്‍ഗീസിന്റെ മകന്‍ ലിജോ വര്‍ഗ്ഗീസി (29)നെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊന്നത്.തലയ്ക്ക് പിന്നിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.കൈയ്ക്കും വയറിനും വെട്ടേറ്റിരുന്നു.
അയല്‍വാസിയുടെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്റിലാകുകയും തുടര്‍ന്ന് ജാമ്യത്തിലിറങ്ങി കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയുമായിരുന്നു ലിജോ. ഇത് സംബന്ധിച്ചുള്ള വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ശിവപ്രസാദ് (സനീഷ്), ശിവലാല്‍, ഷിബു, മുകേഷ്, മനു എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടുന്നതിന് വേണ്ടുന്ന ഒത്താശകള്‍ ചെയ്ത് നല്‍കിയ ഇവരുടെ സുഹൃത്ത് അകംകുടി ശ്രീനിവാസില്‍ രഞ്ജിത്തി (34)നെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഒളിയ്ക്കാന്‍ സഹായം നല്‍കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തത് രഞ്ജിത്താണെന്ന് പോലീസ് പറഞ്ഞു.
കേസ്സിലെ നാലാം പ്രതി അകംകുടി സ്വദേശി മുകേഷിന്റെ ബൈക്കില്‍ വരുന്നതിനിടെയാണ് രഞ്ജിത്ത് പിടിയിലായത്. ബൈക്കും പോലീസ് കസ്റ്റഡിയിലാണ്.സംഭവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ലിജോയുടെ ബന്ധുക്കളില്‍ നിന്നും പരിസരവാസികളില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടായിരുന്നു എന്ന് തന്നെയാണ് വെളിപ്പെട്ടിട്ടുള്ളത്.
പ്രതികള്‍ ആയുധങ്ങളുമായി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലിജോയുടെ സഹോദരന്മാരായ ലിജു (31) വിനും ലിബു (33)വിനും വെട്ടേറ്റിരുന്നു.ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അയല്‍വാസികളും സഹോദരന്മാരുമായ ശിവ പ്രസാദും ശിവപാലനും ഇവരുടെ സുഹൃത്തുക്കളും സമീപവാസികളുമായ ഷിബുവും മുകേഷും മനുവും നേരിട്ട് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച മൊഴിയില്‍ പറയുന്നത്.പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കൂടുതല്‍ പേര്‍ സഹായം നല്‍കിയതായും പോലീസ് സംശയിക്കുന്നുണ്ട്. കൃത്യം നടന്ന് പതിനഞ്ച് മിനിട്ടിനകം പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയും, സംഭവസ്ഥലത്ത് നിന്ന് പുറത്തേക്കുള്ള വഴികളിലെല്ലാം പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടും പ്രതികള്‍ രക്ഷപ്പെട്ടതും പ്രാദേശികമായ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് കരുതുന്നു.
പ്രതികള്‍ക്ക് വേണ്ടി ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഹരിപ്പാട് സി.ഐ.ടി.മനോജ് പറഞ്ഞു. കായംകുളം ഡി.വൈ.എസ്.പി അനില്‍ദാസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."