ഭരണാനുമതി ലഭിച്ചിട്ടും തുടര്‍ നടപടിയില്ല: എങ്ങുമെത്താതെ രാജാ റോഡ് വികസനം
നീലേശ്വരം: ഭരണാനുമതി ലഭിച്ചു മാസങ്ങളായിട്ടും രാജാ റോഡ് വികസനം എങ്ങുമെത്തിയില്ല. നീലേശ്വരം ദേശീയപാത-കച്ചേരിക്കടവ്-ടൗണ്‍ ബൈപാസ് റോഡ് കം ബ്രിഡ്ജ്, രാജാ റോഡ് വികസനം എന്നിങ്ങനെ കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൂലൈയിലാണ് ഭരണാനുമതി ലഭിച്ചത്. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങുമെത്തിയല്ല. പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനയും റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പുമാണ് ഇനി നടക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര മുന്നോട്ടു പോകാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
എം. രാജഗോപാലന്‍ എം.എല്‍.എ ചെയര്‍മാനും നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ കണ്‍വീനറും റിട്ട.എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ടി.വി ദാമോദരന്‍ ടെക്‌നിക്കല്‍ കോര്‍ഡിനേറ്ററുമായ സമിതി രാജാ റോഡിന്റെ വീതി കൂട്ടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കെട്ടിട ഉടമകളുമായും വ്യാപാരികളുമായും ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നു.
രാജാ റോഡ് വികസനത്തിനു 40 കോടി രൂപയുടെ വികസന പദ്ധതി ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ തന്നെ ധനമന്ത്രി ഡോ.തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നതാണ്. നേരത്തെ രാജാ റോഡ് നവീകരണത്തിനായി സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം നഗരസഭാ കൗണ്‍സില്‍ പാസാക്കിയിരുന്നു.
തുടര്‍ന്ന് എം. രാജഗോപാലന്‍ എം.എല്‍.എയും ചെയര്‍മാന്‍ കെ.പി ജയരാജനും ചേര്‍ന്നു ധനമന്ത്രിക്കു നേരിട്ടു നിവേദനവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. അതേസമയം രാജാറോഡ് ഗതാഗതക്കുരുക്കിലായിട്ടു വര്‍ഷങ്ങളായി. റോഡിനു വീതി കുറഞ്ഞതിനാല്‍ ഇവിടെ യാത്രാദുരിതവും ഏറെയാണ്. റോഡ് മുറിച്ചു കടക്കുന്നതിന് സീബ്രാ വരകളുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."