ആദിവാസികളുടെ സ്വയംപര്യാപ്തത മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ലക്ഷ്യം: മന്ത്രി സുനില്‍കുമാര്‍
പാലക്കാട്: കാര്‍ഷിക അഭിവൃദ്ധിക്കു പുറമെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടും ശിശുമരണം പ്രതിരോധിക്കാന്‍ തനത് വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനുമാണ് കൃഷി വകുപ്പ് മില്ലറ്റ് ഗ്രാമം പദ്ധതി (ചെറുധാന്യ ഗ്രാമ കേന്ദ്രം പദ്ധതി) ആവിഷ്‌കരിക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിമാരുടേയും, എം.പി, എം.എല്‍.എമാര്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടേയും ഡയറക്ടര്‍മാരുടേയും സാന്നിധ്യത്തില്‍ ഒക്ടോബര്‍ ആദ്യവാരത്തിന് മുന്‍പ് യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.
അഗളി ഭൂതിവഴിയില്‍ കിലയുടെ പരിശീലന കേന്ദ്രത്തില്‍ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ച അട്ടപ്പാടിയില്‍ ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന പാരമ്പര്യ ചെറുധാന്യങ്ങളുടെ കൃഷിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പദ്ധതി നടത്തിപ്പിനായി ജലസേചനം സുഗമമാക്കാനുളള നടപടി സ്വീകരിക്കും.
ആദ്യഘട്ടത്തില്‍ 34 ഊരുകള്‍ കേന്ദ്രീകരിച്ച് 1250 ഏക്കറിലാണ് ചെറുധാന്യങ്ങളുടെ കൃഷി ആരംഭിക്കുന്നത്. തുടര്‍ന്ന് മേഖലയിലെ 192 ഊരുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കാലാവസ്ഥാ വ്യതിയനമനുസരിച്ച് ഓരോ ഊരുകള്‍ക്കും അനുയോജ്യമായ ചെറുധാന്യങ്ങള്‍ കൃഷി ചെയ്യും.
ഊരു മുപ്പന്മാരുടേയും മണ്ണൂര്‍ക്കാരന്മാരുടേയും മേല്‍നോട്ടത്തില്‍ ഇടനിലക്കാരുടെ ചൂഷണം തടയാന്‍ നിരീക്ഷണം കര്‍ശനമാക്കിയാവും പദ്ധതി നടപ്പാക്കുക. നാഷനല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ മുഖേന പദ്ധതിക്കായി വിത്ത് ശേഖരിച്ചു വരുകയാണ്.
നിലമൊരുക്കലിന് ആവശ്യമായ ട്രാക്ടറുകള്‍ കെയ്‌കോ (കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍)മുഖേന 20 എണ്ണം ലഭ്യമാക്കിയിട്ടുണ്ട്.
ജൈവകാലിവളവും പ്രാദേശികമായി ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഉത്പാദിപ്പിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ ഊരുകളിലേക്ക് ആവശ്യമുളളത് മാറ്റിയ ശേഷം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി അട്ടപ്പാടി ഓര്‍ഗാനിക്ക് എന്ന ബ്രാന്റോടെ വിറ്റഴിക്കും.
പദ്ധതിയില്‍ ആദിവാസി സഹകരണ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നിലച്ചുപോകാതിരിക്കാന്‍ ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി കമ്പനി രൂപീകരിക്കാനും ഉദ്ദേശ്യമുള്ളതായി മന്ത്രി പറഞ്ഞു.
ആദിവാസി വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാവും പദ്ധതിയുടെ നടത്തിപ്പ്. തൃശൂര്‍ കലക്ടറേറ്റില്‍ ആദിവാസി ഉത്പന്നങ്ങളുടെ വില്‍പനക്കായി സജ്ജമാക്കിയിട്ടുളള സംവിധാനം ഈ മാസാവസാനം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെറുധാന്യങ്ങള്‍ വിതക്കുന്നതിനുള്ള നിലമൊരുക്കലും മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."