വിജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍
റിയോ ഡി ജനീറോ: ഒളിംപിക് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ ഡെന്മാര്ക്കിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒളിംപിക്സില്‍ ബ്രസീലിന്റെ ആദ്യ ജയം കൂടിയാണിത്. ഗബ്രിയേല്‍ ബര്‍ബോസയുടെ ഇരട്ട ഗോള്‍ നേട്ടമാണ് ബ്രസീലിന് വമ്പന്‍ ജയം സമ്മാനിച്ചത്.
ആദ്യ രണ്ടു മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനം നടത്തിയ ബ്രസീലിന് മൂന്നാം മത്സരത്തില്‍ ഡെന്മാര്ക്കിനെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറാമായിരുന്നു. അവസരത്തിനൊത്തുയര്‍ന്ന ആതിഥേയര്‍ ആക്രമണ ഫുട്ബോളിലൂടെ ഡെന്മാര്ക്കിനെ വീഴ്ത്തുകയായിരുന്നു. 26ാം മിനുട്ടില്‍ ബ്രസീല്‍ അക്കൗണ്ട് തുറന്നു. ഡഗ്ലസ് സാന്റോസിന്റെ ക്രോസില്‍ ബര്‍ബോസ തൊടുത്ത ഷോട്ട് ഗോളാവുകയായിരുന്നു. ഗോള്‍ പിറന്നതോടെ മത്സരത്തില്‍ ബ്രസീല്‍ ആധിപത്യം സ്വന്തമാക്കി. 40ാം മിനുട്ടില്‍ ഡെന്മാര്ക്കിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത ലുവാന് നല്കിയ പാസിലൂടെ ഗബ്രിയേല്‍ ജീസസ് ടീമിന്റെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ടു ഗോളിന്റെ മുന്‍തൂക്കമുണ്ടായിരുന്നു ബ്രസീലിന്. രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ മികവ് പ്രകടിപ്പിച്ചു. 50ാം മിനുട്ടില്‍ അവര്‍ മൂന്നാം ഗോള്‍ നേടി.
അതുവരെ കളം നിറഞ്ഞു കളിച്ച ലുവാനായിരുന്നു സ്കോറര്‍. നെയ്മര്‍ നല്കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. കളി അവസാനിക്കാന്‍ ഒന്‍പതു മിനുട്ട് മാത്രം ശേഷിക്കെ ബ്രസീല്‍ നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഡെന്മാര്ക്കിനെ ഞെട്ടിച്ചു. ക്ലോസ് റേഞ്ചില്‍ ബര്‍ബോസ ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാല്‍ റീ ബൗണ്ടില്‍ ഗോള്‍ നേടുകയായിരുന്നു താരം. ഞായറാഴ്ച്ച പുലര്‍ച്ചെ നടക്കുന്ന ക്വാര്‍ട്ടറില്‍ കൊളംബിയയാണ് ബ്രസീലിന് എതിരാളികള്‍. അതേസമയം രണ്ടു തവണ ഒളിംപിക് ചാംപ്യന്മാരായ അര്‍ജന്റീനയും നിലവിലെ ചാംപ്യന്മാരായ മെക്സിക്കോയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. മെക്സിക്കോ ഒരു ഗോളിന് ദക്ഷിണ കൊറിയയോടാണ് പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."