ബാലസുരക്ഷ കുടുംബജാഗ്രത; വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു
തൊടുപുഴ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 18ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഡീഷണല്‍ പ്രൊഫസറും ചൈല്‍ഡ് സൈക്ക്യാട്രിസ്റ്റുമായ ഡോ.ആര് ജയപ്രകാശ് നേതൃത്വം നല്‍കും.
സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പൊലിസ്, ആരോഗ്യവകുപ്പ്, ചൈല്ഡ്ലൈന്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുഇടങ്ങള്‍, വീടിനകം, പഠിക്കുന്ന സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരെ ലക്ഷ്യമാക്കിയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശീലന പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ എ.ഡി.എം പി.ജി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ആര് ജനാര്ദ്ദനന്, ജോര്‍ജ്ജ് ഇഗ്നേഷ്യസ്, കെ.രാജു, പി.എ ഷാജിമോന്‍, കെ.ആര് രാമചന്ദ്രന്, വി.വി. അനീഷ്, ഡോ. പി.കെ. സുഷമ, എന്‍. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."