20 വര്‍ഷത്തെ ദൗത്യം അവസാനിച്ച് കാസിനി ഇന്ന് ശനിയില്‍ ലയിക്കും: ഗുഡ്‌ബൈ...കാസിനി
വാഷിങ്ടണ്‍: 20 വര്‍ഷത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിച്ച് കാസിനി ഇന്ന് ശനിയില്‍ ലയിക്കും. അവസാനമായി ശനി ഗ്രഹത്തിന്റെ ഏറ്റവും അടുത്തുനിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് നാസയുടെ ബഹിരാകാശ പേടകം ഇന്നു പൊട്ടിത്തകര്‍ന്നു കത്തിയെരിയാനിരിക്കുന്നത്.
ശനി ഗ്രഹത്തെ കുറിച്ചു പഠിക്കാനായി 1997ല്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും യൂറോപ്യന്‍ സ്‌പേസ് അസോസിയേഷനും ചേര്‍ന്ന് അയച്ചതാണ് 22 അടി ഉയരമുള്ള കാസിനി പേടകം. 2.9 ബില്യന്‍ ഡോളര്‍ (ഏകദേശം 290 കോടി രൂപ) ചെലവായ പേടകം ഇന്ധനം തീര്‍ന്നു ശനി വളയങ്ങളിലൂടെ തെന്നിയിറങ്ങി ഗ്രഹപ്രതലത്തില്‍ ഇടിച്ചുതകരുകയാണു ചെയ്യുക. ഇന്ന് ബ്രിട്ടീഷ് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.55ഓടെ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നാണ് നാസയുടെ ദൗത്യസംഘം അറിയിച്ചത്. തുടര്‍ന്ന് ഗ്രഹത്തിന്റെ മേഘപാളികള്‍ക്ക് 1496 കി.മീറ്റര്‍ ഉയരത്തില്‍ വരെ എത്തുന്ന കാസിനി ഉല്‍ക്കയെപ്പോലെ സ്വയം ഉരുകി പൊട്ടിത്തകരുകയാണു ചെയ്യുക. പേടകത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ മുറിഞ്ഞു രണ്ട് മിനിറ്റിനകം തന്നെ അതു പൂര്‍ണമായി നശിക്കും. സൂക്ഷ്മ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള നാരോ ആംഗിള്‍ കാമറ ഉപയോഗിച്ച് കാസിനി ഒപ്പിയെടുത്ത ശനിയുടെ ചിത്രങ്ങള്‍ വെള്ളിയാഴ്ച നാസ പുറത്തുവിട്ടിരുന്നു. ജൂലൈയില്‍ 76,000 കി.മീറ്റര്‍ ദൂരത്തുനിന്നു പകര്‍ത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് നാസയ്ക്കു ലഭിക്കുന്നത്.
ശനിയെ കുറിച്ചു പഠിക്കാനായി ബഹിരാകാശത്തേക്ക് അയച്ച നാലാമത്തെ പേടകമാണ് കാസിനി. എന്നാല്‍, ശനിയെ വലംവയ്ക്കുന്ന ആദ്യ ഉപഗ്രഹവുമാണിത്. 1997 ഒക്ടോബറില്‍ ഫ്‌ളോറിഡയിലെ കേപ് കനവറലില്‍നിന്നാണ് കാസിനി പേടകത്തെ ബഹിരാകാശത്തേക്കു വിക്ഷേപിച്ചത്. തുടര്‍ന്ന് 2004ല്‍ പേടകം ഭ്രമണപഥത്തിലെത്തി. അമേരിക്കക്കാരിയായ ഡോ. ലിന്‍ഡ സ്പില്‍ക്കറാണ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്.
ശനിയെ കുറിച്ച് 13 വര്‍ഷം നിരീക്ഷണങ്ങളും പഠനങ്ങളും തുടര്‍ന്ന കാസിനി ശനിയെ കുറിച്ച് ശാസ്ത്രലോകത്തിനു കൗതുകകരമായ പല വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ശനിയുടെ മുഖ്യ ഉപഗ്രഹമായ ടൈറ്റനും മറ്റൊരു ഉപഗ്രഹമായ എന്‍സെലാഡസും മനുഷ്യനു വാസയോഗ്യമാണെന്നു കണ്ടെത്തിയതായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."