ബിസിനസ് ലോകത്തേക്ക് ചുവടുവച്ചത് മിഠായി മധുരത്തിന്റെ വഴിയിലൂടെ: എം.എ യൂസഫലി ചോദ്യങ്ങളുടെ നീണ്ടനിരയുമായി വിദ്യാര്‍ഥികള്‍, പതറാതെ യൂസഫലി
കൊച്ചി: താന്‍ ബിസിനസ് ലോകത്തേക്ക് ചുവടുവച്ചത് മിഠായിമധുരത്തിന്റെ വഴിയിലൂടെയെന്ന് പ്രമുഖവ്യവസായി പത്മശ്രീ എം.എ യൂസഫലി. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ ഗ്രേറ്റ് അച്ചീവേഴ്‌സ് പരിപാടിയില്‍ അല്‍ അമീന്‍ കോളജ് വിദ്യാര്‍ഥിനി നസ്‌റിന്റെ ചോദ്യത്തിനാണ് തന്റെ ചോക്ലേറ്റ് പ്രേമത്തില്‍ തുടങ്ങിയ ബിസിനസ് ലോകത്തെപ്പറ്റി യൂസഫലി വാചാലനായത്. ചോദ്യങ്ങളുടെ നീണ്ടനിരയുമായി വിദ്യാര്‍ഥികളെത്തിയപ്പോള്‍ പതറാതെ യൂസഫലി മറുപടി നല്‍കി.
സ്വദേശമായ നാട്ടികയില്‍ കളിച്ചുനടന്ന കാലത്ത് ബിസിനസ് കാരനാകാന്‍ മോഹിച്ചിരുന്നില്ല മറിച്ച് അഭിഭാഷകനാകാനായിരുന്നു മോഹമെന്ന് യൂസഫലി പറഞ്ഞു. അഹമ്മദാബാദില്‍ പഠനം നടത്തുന്ന സമയത്ത് പിതൃസഹോദരന്റെ ചെറിയ ഷോപ്പില്‍ എല്ലാദിവസവും പോകുമായിരുന്നു. അവിടെ ചെന്നാല്‍ കൊച്ചാപ്പ ചേക്ലേറ്റ് തരുമായിരുന്നു. ആ ചോക്ലേറ്റിന്റെ മധുരമാണ് തന്നെ ബിസിനസ് ലോകത്തേക്ക് എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസമേഖലയിലേക്ക് ചുവടുവയ്ക്കാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന് , 'എന്നിട്ടുവേണം നിങ്ങള്‍ സമരം നടത്തി അടച്ചുപൂട്ടാന്‍, ഞാന്‍ എന്റെ മാളുകളുമായി കഴിഞ്ഞോട്ടെ' എന്ന യൂസഫലിയുടെ മറുപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിരിപടര്‍ത്തി. ചിലര്‍ക്കറിയേണ്ടത് 'ലുലു' എന്ന പേരിനെ കുറിച്ചായിരുന്നു. ആദ്യം ബിസിനസ് തുടങ്ങിയത് അബുദബിയിലായതിനാല്‍ ആ നാട്ടുകാരെ കൂടി ആകര്‍ഷിക്കാനാണ് 'മുത്ത് ' എന്ന് അര്‍ഥം വരുന്ന ലുലു തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് വ്യാപിക്കുന്ന തീവ്രവാദത്തിന് പരിഹാരമെന്താണെന്ന നിലോഫറിന്റെ ചോദ്യത്തിന് ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നായിരുന്നു മറുപടി.
എടത്തല അല്‍ അമീന്‍ കോളജിലെ വിദ്യാര്‍ഥി സഹദിന്റെ ചോദ്യം യൂസഫലിയെ അല്‍പമൊന്നു അങ്കലാപ്പിലാക്കി. അങ്ങയെ പോലെ ബിസിനസുകാരനായി വളരാന്‍ ആഗ്രഹമുള്ള ഒരാളുണ്ട്. കേരളത്തെ ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ പരിശ്രമിക്കുന്ന താങ്കള്‍ അതിന് സഹായിക്കുമോ എന്നായിരുന്നു ചോദ്യം. ആ വ്യക്തി താനാണെന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ സദസിലെങ്ങും ചിരിപൊട്ടി. ചാര്‍ട്ടേഡ് അക്കൗണ്ടായി വരൂ കൂടെ കൂട്ടിക്കോളാമെന്നായി യൂസഫലി.
തന്റെ കോളജില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലടക്കമുള്ള സൗകര്യങ്ങളൊന്നുമില്ലെന്നും എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമോയെന്ന തൃപ്പൂണിത്തുറ ഗവ. ആര്‍ട്‌സ് കോളജിലെ ശ്രീക്കുട്ടിയോട് ആവശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ സഹായിക്കാമെന്ന് യൂസഫലി പറഞ്ഞു. ലോകത്തിലെ പലരാഷ്ട്രിയ നേതാക്കളെയും ലോക നേതാക്കളെയും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന്റെ രഹസ്യമായിരുന്നു ജാക്‌സണ് അറിയേണ്ടത്.
സംസ്ഥാനത്തെ രാഷ്ട്രിയ നേതാക്കളെ കൈകാര്യം ചെയ്താല്‍ ആരെയും നേരിടാമെന്നായിരുന്നുയൂസഫലിയുടെ മറുപടി. ഈ ചോദ്യം ചോദിച്ച ജാക്‌സണ് യൂസഫലി 10,000 രൂപ സമ്മാനമായി നല്‍കുകയും ചെയ്തു.
മികച്ച ചോദ്യങ്ങള്‍ ചോദിച്ച നാഷണല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ മുകേഷ്, അക്വിനാസ് കോളജിലെ ടി.എ നിലോഫര്‍ എന്നിവര്‍ക്ക് എം.എ യൂസഫലി 10,000 രൂപ വീതവും വിദ്യാധനം ട്രസ് റ്റ് 1000 രൂപയും ഗ്രന്ഥക്കെട്ടും സമ്മാനമായി നല്‍കി. വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് ചോദ്യങ്ങള്‍ ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."