ആരോഗ്യ വകുപ്പ് നിസംഗത ജില്ലയില്‍ ചിക്കന്‍പോക്‌സും അതിസാരവും പടരുന്നു
തൊടുപുഴ: ചിക്കന്‍പോക്‌സും അതിസാരവും പടരുന്നു. ഈ വര്‍ഷം ഇതുവരെ ആയിരത്തിലധികം പേര്‍ക്ക് ജില്ലയില്‍ രോഗം പിടിപെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. അതേസമയം, ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെടാതെ പോകുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ ഒട്ടേറെ കേസുകള്‍ വേറെയുമുണ്ട്. ആരോഗ്യവകുപ്പ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അന്തരീക്ഷത്തിലുള്ള കീടാണുക്കളില്‍നിന്ന് പകരുന്ന ചിക്കന്‍പോക്‌സ് വേനലിലാണു സാധാരണ പടരുക. രോഗം പൂര്‍ണമായി മാറും മുമ്പേ പൊതുസ്ഥലത്തേക്കിറങ്ങുന്നവരില്‍നിന്നാണ് കൂടുതലും അണുക്കള്‍ വായുവില്‍ പടരുക.
വേനലവധിക്കുശേഷം സ്‌കൂളില്‍ എത്തുന്ന കുട്ടികളില്‍ ആരെങ്കിലും ഇപ്രകാരമുള്ളവരാണെങ്കില്‍ മറ്റ് കുട്ടികളിലേക്കും ബാധിച്ചേക്കാം. ഇത് മഴക്കാലമായിട്ടും രോഗം പടരാനുള്ള കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടുന്നു. അതിസാരവും ജില്ലയുടെ പലഭാഗത്തും റിപ്പോര്‍ട് ചെയ്യുന്നുണ്ട്.
വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന ഈ വൈറസിന്റെ പ്രവര്‍ത്തന ഫലമായി ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ ചുവന്ന കുമിളകളായി മാറുകയും ചെയ്യുന്നു.
ചിക്കന്‍ പോക്‌സിന്റെ ലക്ഷണങ്ങള്‍ പലരിലും വ്യത്യസ്ഥമാണ്. പനിക്കൊപ്പം ഛര്‍ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, അസഹനീയ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീര താപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ ചിക്കന്‍ പോക്‌സാണെന്ന് സ്ഥിരീകരിക്കാം. എന്നാല്‍, രോഗലക്ഷണങ്ങള്‍ കാട്ടും മുമ്പ് തന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ തുടങ്ങും.
രോഗം വന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളോ വ്യക്തിയുമായുള്ള സമ്പര്‍ക്കമോ ഒഴിവാക്കുന്നതാണ് ചിക്കന്‍പോക്‌സ് പകരാതിരിക്കാനുള്ള ഏക പോംവഴി.
ചിക്കന്‍പോക്‌സ് ഉള്ള രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10 മുതല്‍ 20 ദിവസത്തിനുള്ളില്‍ അടുത്തയാള്‍ക്ക് രോഗലക്ഷണം കണ്ടുതുടങ്ങും. ഒരിക്കല്‍ രോഗം വന്നവരില്‍ ചിക്കന്‍പോക്‌സ് പിന്നീട് ഉണ്ടാകില്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
മിക്കപ്പോഴും വെറുമൊരു പനിപോലെ വന്ന് സ്വയംശമിക്കുകയും ചെയ്യും. എന്നാല്‍, വാര്‍ധക്യത്തില്‍ രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ന്യൂമോണിയ, മസ്തിഷ്‌കജ്വരം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
ചിക്കന്‍പോക്‌സിനെതിരായ വാക്‌സിനുകള്‍ ഇന്നു ലഭ്യമാണെന്നും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."