മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ നിന്നും വിടുതല്‍ നേടിയവര്‍ക്ക് പുനഃപ്രവേശനത്തിന് ഉത്തരവായി
കിളിമാനൂര്‍: എം.ബി.ബി.എസ് മോഹവുമായി മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പഠിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സ്വാശ്രയ കോളജ് കളിലെ വലിയ ഫീസ് കാരണം എം.ബി.ബി.എസിന് പ്രവേശനം നേടാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികള്‍ക്ക് പുനഃപ്രവേശനം സാധ്യമായി.
ഇത് സംബന്ധിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവായി. ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അതാത് കോളജുകളില്‍ പുനഃപ്രവേശനം നേടണമെന്ന് ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സങ്കടകരമായ അവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ വ്യാഴാഴ്ച സുപ്രഭാതം പത്രം വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
2017ലെ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രകാരം മെഡിക്കല്‍ അലൈഡ് കോഴ്‌സുകളായ ബി.എസ്.സി.അഗ്രികള്‍ച്ചര്‍,വെറ്ററിനറി, ഡയറി സയന്‍സ്, ഫിഷറീസ് തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം നേടിയ ശേഷം എം.ബി.ബി.എസ് പ്രവേശനത്തിന് വേണ്ടി പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ഥികളാണ്പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ പുനഃപ്രവേശനത്തിന് അര്‍ഹരായത്. എം.ബി.ബി.എസ് മോഹവുമായി ടി.സി വാങ്ങിയ ഈ വിഭാഗം വിദ്യാര്‍ഥികളില്‍ പലര്‍ക്കും എം.ബി.ബി.എസിന് സ്വാശ്രയ കോളജുകളില്‍ ഫീസ് 11 ലക്ഷമായി ഉയര്‍ത്തിയത് മൂലം പ്രവേശനം നേടാന്‍ കഴിഞ്ഞിട്ടില്ല.
നിലവില്‍ പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്തു വരികയും അതേസമയം എം.ബി.ബി.എസിന് വര്‍ദ്ധിച്ച ഫീസ് താങ്ങാന്‍ കഴിയാതെ പുതിയ സ്ഥലത്ത് പ്രവേശനം നേടാന്‍ കഴിഞ്ഞതുമില്ല. ഇവര്‍ക്ക് പഠിച്ചിരുന്ന സ്ഥാപനത്തില്‍ തിരികെ പോകണമെങ്കില്‍ സര്‍ക്കാര്‍ കനിയണമായിരുന്നു.
ഈ പ്രശ്‌നമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹരിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."