ഗള്‍ഫ് പ്രതിസന്ധി: മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് ജര്‍മനി
ബെര്‍ലിന്‍: അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാനായി ചര്‍ച്ചയ്ക്കു തയാറാണെന്ന് ഖത്തര്‍ ഭരണാധികാരി. ജര്‍മനിയില്‍ ഇന്നലെ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചത്. അതേസമയം, വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആംഗെലാ മെര്‍ക്കല്‍ താല്പര്യം പ്രകടിപ്പിച്ചു.ഖത്തറിനെതിരേ അയല്‍രാജ്യങ്ങളായ സഊദി, യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടു നൂറുദിവസം പിന്നിടുകയാണ്. നിലവിലുള്ള പ്രശ്നപരിഹാരത്തിനായി അറബ് രാഷ്ട്രങ്ങളുമായ ചര്‍ച്ചയ്ക്കു തയാറാണെന്ന് അമീര്‍ പറഞ്ഞു. ജര്‍മര്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ മെര്‍ക്കല്‍ താല്പര്യമറിയിച്ചു. ഉപരോധം തുടരുന്നതില്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ച മെര്‍ക്കല്‍ പ്രശ്നപരിഹാരത്തിനായി കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച ഖത്തര്‍ അമീറും സഊദി കിരീടാവകാശിയും ഫോണ്‍വഴി സംസാരിച്ചിരുന്നു. എന്നാല്‍, ഖത്തര്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതു തുടരുകയാണെന്ന് ആരോപിച്ച് അവരുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി ഇതിനു പിറകെ സഊദി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."