യു.എസില്‍ ഇന്ത്യന്‍ ഡോക്ടര്‍ കുത്തേറ്റു മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുത്തേറ്റു മരിച്ചു. തെലങ്കാന സ്വദേശിയും മനോരോഗ വിദഗ്ധനുമായ അച്ചുത റെഡ്ഡി (57) ആണ് കന്‍സാസില്‍ അദ്ദേഹം നടത്തുന്ന ക്ലിനിക്കില്‍ വച്ച് കൊല്ലപ്പെട്ടത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് കൃത്യം നിര്‍വഹിച്ചതെന്നാണു സൂചന.
ഹോളിസ്റ്റിക് സൈക്യാട്രിക് സര്‍വിസ് ക്ലിനിക് എന്ന സ്ഥാപനത്തിലാണു സംഭവം നടന്നത്. റെഡ്ഡിക്കു കീഴില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമര്‍ റാഷിദ് ദത്ത് എന്ന 21കാരനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോക്ടറുമായുള്ള സംഭാഷണത്തിനിടെ ഇയാള്‍ പിന്നില്‍നിന്നു കുത്തുകയായിരുന്നുവെന്നാണു വിവരം. ക്ലിനിക്കിനു പിന്നില്‍നിന്നാണു മൃതദേഹം കണ്ടെത്തിയത്.
ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതായി പൊലിസ് അറിയിച്ചു. കൊലപാതക കാരണം വ്യക്തമായിട്ടില്ല.അബ്‌സല്യൂട്ട് യോഗ എന്ന പേരില്‍ യുട്യൂബില്‍ യോഗാപരിശീലനവും റെഡ്ഡി നടത്തുന്നുണ്ട്. ബീനാ റെഡ്ഡിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. 20 വര്‍ഷമായി അദ്ദേഹം കുടുംബസമേതം കന്‍സാസിലാണു കഴിയുന്നത്.
ഈ വര്‍ഷം അമേരിക്കയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് റെഡ്ഡി. ഫെബ്രുവരിയില്‍ മറ്റൊരു തെലങ്കാന സ്വദേശി ശ്രീനിവാസ കച്ചിബോട്‌ല വെടിയേറ്റു മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."