പള്ളിക്കര മേല്‍പാലം: എം.പിയുടെ നേതൃത്വത്തിലുള്ള സമരവുമായി ലീഗ് സഹകരിക്കില്ലെന്ന് എം.സി ഖമറുദ്ധീന്
കാസര്‍കോട്: നീലേശ്വരം പള്ളിക്കര മേല്‍പാലത്തിനു വേണ്ടി പി. കരുണാകാരന് എം.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരവുമായി മുസ്ലിം ലീഗ് സഹകരിക്കില്ലെന്നു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്. മുസ്ലിം ലീഗ് നയം അറിയാതെ പ്രാദേശികമായി ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ ഒരു പാര്‍ട്ടി പ്രതിനിധി പങ്കെടുത്തിരുന്നു. അതില്‍ നിന്നു പിന്മാറാന് പ്രസ്തുത അംഗത്തിനു നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ദേശീയപാതയില്‍ മേല്പാലമില്ലാത്ത ഏക സ്ഥലം പള്ളിക്കരയാണ്. വര്‍ഷങ്ങളോളം കാസര്‍കോടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചവരുടെ പോരായ്മയാണ് ഇന്നത്തെ ദുരവസ്ഥക്കു കാരണമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുന്‍കാലത്ത് യു.പി.എ സര്‍ക്കാരിന്റെ പോരായ്മയാണെങ്കില്‍ നിലേശ്വരം രാജാസ് റോഡില്‍ വരെ മേല്‍പാലം വന്നിട്ടു വര്ഷങ്ങളോളമായെന്നും ഖമറുദ്ധീന് പറഞ്ഞു.
ബി.ജെ.പി പ്രഖ്യാപിച്ച സമരവും ജനങ്ങള്‍ വിലയിരുത്തും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ മേല്‍പാലം കൊണ്ടുവരുമെന്നു പറഞ്ഞ പാര്‍ട്ടിയാണു ബി.ജെ.പി. അവര്‍ സമരം നടത്തേണ്ടതു റെയില്‍വേ മന്ത്രിയുടെ വസതിക്കു മുന്നിലാണെന്നും ഖമറുദിന്‍ പറഞ്ഞു. യു.ഡി.എഫിന്റെ സമര പരിപാടികള്‍ 19നു ചേരുന്ന ജില്ലാ ലെയ്സണ്‍ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."