മോദി പേടിക്കേണ്ടത് തൊഗാഡിയമാരെയാണ്
? ഇസ്‌ലാം ജീവിതമാര്‍ഗമായി സ്വീകരിച്ച ഹാദിയയെയും, നീതിനിഷേധത്തിന്റെ വലിയ ചോദ്യചിഹ്നമായി അനിശ്ചിതമായ വിചാരണാതടവില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെയും ചെന്നുകണ്ടതിന് ഹിന്ദുത്വശക്തികളുടെ ഏറെ ശത്രുതയ്ക്കിരയായിട്ടുണ്ടെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. സത്യത്തില്‍ രാഹുലിന്റെ നിലപാട് എന്താണ്
തീവ്രഹിന്ദുത്വ നിലപാടുകാരില്‍നിന്നു ഭീഷണിയും എതിര്‍പ്പുകളും നേരിടേണ്ടിവരുന്നത് ആദ്യമായല്ല. കഴിഞ്ഞവര്‍ഷം ബി.ജെ.പിയുടെ യുവനേതൃനിരയില്‍ ശ്രദ്ധേയയായ സാധ്വി പ്രാചി എന്ന മുസഫര്‍നഗറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന വ്യക്തി മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയപ്പോള്‍ അതിനെതിരേ നിയമനടപടി സ്വീകരിച്ചതിന്റെ പേരില്‍ തീവ്രഹിന്ദുത്വവാദികളില്‍നിന്നുണ്ടായ ആക്രോശങ്ങളും ഒട്ടും ചെറുതായിരുന്നില്ല. പ്രാചി നടത്തിയ വിഷലിപ്തമായ പ്രസംഗത്തിനുസമാനമായി അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരന്‍ പ്രസംഗിച്ചതിനെതിരേ താന്‍ നേരത്തെ നിയമയുദ്ധം നടത്തിയിരുന്നു. അക്കാര്യം സൗകര്യപൂര്‍വം മറന്നുകൊണ്ടാണ് അവര്‍ തനിക്കെതിരേ ഉറഞ്ഞുതുള്ളിയത്.
ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലുള്ള ചെറുതെങ്കിലും ഒരുവിഭാഗത്തിനിടയില്‍ കടുത്ത വര്‍ഗീയതയുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈ രണ്ടു വിഭാഗങ്ങളുടെയും വര്‍ഗീയത പരസ്പരപൂരകങ്ങളുമാണ്. മറുപക്ഷത്തിന്റെ തീവ്രതയെ ചൂണ്ടിക്കാണിച്ചു തങ്ങള്‍ക്കു നിലനില്‍ക്കാനുള്ള ന്യായീകരണത്തിന്റെ ഇന്ധനം ആര്‍ജിക്കാനാണ് ഇരുവിഭാഗങ്ങളും ശ്രമിക്കുന്നത്. നമുക്ക് രണ്ടു തീവ്രതയും വേണ്ടെന്നാണ് എന്റെ നിലപാട്. ഞാന്‍ ഒരു നല്ല ഹിന്ദുമത വിശ്വാസിയും വലതുപക്ഷ ചിന്താഗതിക്കാരനുമാണ്. അതേസമയം നമുക്ക് ഗോഡ്‌സേ റൈറ്റും സ്വാധി പ്രാചീ റൈറ്റും വേണ്ടെന്ന് ഉറക്കെത്തന്നെ പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
ഹിന്ദുത്വ തീവ്രനിലപാടുകാരില്‍നിന്നും മുസ്‌ലിം തീവ്രനിലപാടുകാരില്‍നിന്നും ഒരുപോലെ ആക്ഷേപവും ഭീഷണിയും അഭിമുഖീകരിക്കുന്നുണ്ട് എന്നത് എന്റെ നിലപാടുകളുടെ തിളക്കവും ശക്തിയും തിരിച്ചറിയാനും ആത്മവിശ്വാസം വളര്‍ത്താനും ഉപകാരപ്പെടുന്നുണ്ട്. കൊച്ചിയില്‍ ഒരു മുസ്‌ലിം സംഘടന നടത്തിയ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ മുസ്‌ലിം തീവ്രനിലപാടുകാര്‍ കൊലവിളിയുമായി വേദിക്കുമുന്നിലെത്തിയതു തീവ്രഹിന്ദുത്വ നിലപാടുകാരുടെ ഭീഷണി നേരിടുമ്പോള്‍ തന്നെയാണ്. ഹാദിയയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞതിന്റെ പേരില്‍ ഹാദിയയുടെ പിതാവ് അശോകനില്‍ സമ്മര്‍ദം ചെലുത്തി കേസ് കൊടുപ്പിച്ചുവെങ്കില്‍, മുസ്‌ലിം തീവ്രനിലപാടുകാര്‍ ഹാദിയയുടെ അമ്മയുടെ കരയുന്ന വിഡിയോ പുറത്തുവിട്ടത് ദുരുദ്ധേശ്യത്തോടെയാണെന്ന പേരിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ എനിക്കു പൊങ്കാലയിട്ടത്.
ഹാദിയ അവരുടെ വീട്ടുകാരില്‍നിന്നു കടുത്ത സമ്മര്‍ദവും മാനസികപീഡനങ്ങളും നേരിടുന്നുണ്ട് എന്നത് ഞാന്‍ അവിടെ നേരില്‍കണ്ട കാര്യമാണ്. സമാനസ്വഭാവത്തില്‍ ബാഹ്യശക്തികളില്‍നിന്ന് ഹാദിയയുടെ വീട്ടുകാര്‍ക്കും സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെയും ജുഡിഷ്യറിയുടെയും അടിയന്തരശ്രദ്ധയില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്‍.ഐ.എയുടെ അന്വേഷണം വര്‍ഷങ്ങള്‍ നീണ്ടുപോകുമെന്നതിനാല്‍ പ്രശ്‌നപരിഹാരം അത്രയും കാലം സാധ്യമല്ലാതായിത്തീരും.
ആ കുട്ടിയുടെ നല്ലപ്രായത്തിലുള്ള ജീവിതം നശിപ്പിക്കാന്‍ നമുക്ക് കഴിയില്ല. ഹാദിയയോട് സന്ദര്‍ശനവേളയില്‍ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. ഏതു മതത്തിലേക്കു മാറിയാലും മാതാപിതാക്കള്‍ മാതാപിതാക്കള്‍ തന്നെയാണ്. അവരെ കൈവിടരുത്. രക്ഷിതാക്കളെ ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതം വിശ്വാസത്തിനു നിരക്കുന്നതല്ലെന്നും അവരെ ഓര്‍മിപ്പിച്ചു.
? മഅ്ദനിയെ സന്ദര്‍ശിച്ചത് എന്തിനായിരുന്നു
മഅ്ദനിയെ സന്ദര്‍ശിക്കാനുണ്ടായ സാഹചര്യവും മറ്റൊന്നല്ല. ഞാനും മഅ്ദനിയും വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ചര്‍ച്ചകളിലും ഞങ്ങളുടെ ആശയങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ളവരാണ്. വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സമൂഹത്തിനു ദോഷമുണ്ടാക്കുന്ന ആശയങ്ങളെ ഞാന്‍ എതിര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് കൊച്ചിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നതുകൊണ്ടു നടന്നില്ല.
അതുകൊണ്ടാണ് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ടത്. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ എരുമേലി സ്വദേശിനിയും വാവര്‍ പള്ളിയുമായി ബന്ധമുള്ള കുടുംബാംഗവുമാണ്. ഇക്കാര്യത്തില്‍ നാം വിലയിരുത്തേണ്ടതു പ്രശ്‌നം വ്യക്തികളല്ല നിലപാടുകളാണ് എന്നതാണ്. മുന്‍കാലങ്ങളില്‍നിന്നു വിഭിന്നമായി അബ്ദുന്നാസര്‍ മഅ്ദനി ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ബഹുസ്വരതയിലും മാനവികതയിലും അടിയുറച്ചുനിന്നുകൊണ്ടുള്ളതാണ്. അദ്ദേഹത്തിന് എതിരായ കേസുകള്‍ അതിന്റെ വഴിക്കു നടക്കട്ടെ. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ തീര്‍ച്ചയായും അംഗീകരിക്കേണ്ടതുണ്ട്.
? സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം നടത്തുന്ന കൊലപാതകങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും എങ്ങനെ കാണുന്നു
തൂലിക പടവാളാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഏതാനും നാളുകള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന തിരിച്ചറിവ് എനിക്കുണ്ട്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന മറ്റൊരു കൊലപാതകം കൂടി നാം പഠനവിധേയമാക്കേണ്ടതുണ്ട്. ആത്മീയകാര്യങ്ങളുമായി പള്ളിയില്‍ ഒതുങ്ങിക്കൂടിയിരുന്ന ഒരു സാധുമനുഷ്യനായ റിയാസ് മൗലവിയുടെ കൊലപാതകമാണത്.
പരിസരപ്രദേശങ്ങളിലുള്ള തീവ്ര ഹിന്ദുത്വനിലപാടുകളുള്ള ചെറുപ്പക്കാരുടെ സംഘം മദ്യപിച്ചശേഷം ഇന്ന് ആരെയെങ്കിലും കൊല്ലണമെന്നു തീരുമാനിച്ചു എന്നാണു മനസിലാകുന്നത്. എങ്കില്‍ അടുത്തുള്ള പള്ളിയിലെ മുസ്‌ലിയാരെ തന്നെ കൊന്നുകളയാമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു അവര്‍. ഇതു വളരെ ഗൗരവത്തോടും ശ്രദ്ധയോടും അപഗ്രഥിക്കണം. എന്തെങ്കിലും തരത്തിലുള്ള മുന്‍വൈരാഗ്യമോ ശത്രുതയോ ഇല്ലാതിരുന്നിട്ടും ഒരു സാധുമനുഷ്യനെ കൊല്ലുകയെന്നത് എത്ര നീചമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ആളുകളുടെ മനസില്‍ പക കുത്തിവയ്ക്കുന്നതിന്റെ ബാക്കിപത്രമായി ഈ കൊലപാതകത്തെ കാണണം.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. അതാണ് മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ച വലിയ പാഠവും. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ അജന്‍ഡകളില്‍ ഒന്നാണല്ലോ ഏക സിവില്‍കോഡ്. ഇതിനെ അംഗീകരിക്കാത്തവര്‍ പാകിസ്താനില്‍ പോകണമെന്നാണ് അവര്‍ പറയാതെ പറഞ്ഞുവയ്ക്കുന്നത്. രാജ്യസ്‌നേഹത്തിന്റെ അളവുകോല്‍ എന്ന നിലയിലാണ് ബി.ജെ.പി ഏക സിവില്‍കോഡിനെ അവതരിപ്പിക്കുന്നത്.
എന്നാല്‍ ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാകുമെന്ന ഉറച്ച നിലപാടെടുത്ത ഗുരുജി ഗോള്‍വാക്കറുടെ സമീപനം ഏക സിവില്‍കോഡിനുവേണ്ടി വാദിക്കുന്ന ആര്‍.എസ്.എസുകാര്‍ക്കുപോലും അറിയില്ലെന്നതാണു സത്യം. 1972ല്‍ ഓഗസ്റ്റ് 20ന് മല്‍ക്കാനിക്ക് കൊടുത്ത അഭിമുഖത്തിലും ദീനദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന വേളയിലും അദ്ദേഹം പറഞ്ഞത് ഇന്ത്യക്കു വേണ്ടത് ഏക സിവില്‍കോഡ് അല്ലെന്നാണ്.
പകരം ഹിന്ദു-മുസ്‌ലിം സാഹോദര്യമാണു നമുക്കു വേണ്ടതെന്നാണ്. ആവശ്യമില്ലാത്ത ഏകീകരണം രാജ്യത്തിന്റെ തകര്‍ച്ചക്കു വഴിവയ്ക്കുമെന്നു പറഞ്ഞുവച്ചത് ഒരു കപട മതേതരവാദിയോ ക്രിസ്ത്യാനിയോ മുസ്‌ലിമോ അല്ല. ഏറ്റവും വലിയ ഹിന്ദുത്വത്തിന്റെ പ്രതീകമായ, ബ്രാഹ്മണനായ, സര്‍വോപരി ഒരു മഹാരാഷ്ട്രക്കാരന്‍കൂടിയായ ഗുരുജി ഗോള്‍വാക്കറാണ്. ഏതൊരു വിഷയത്തിന്റെയും കേന്ദ്രബിന്ദു ഐഡിയോളജിയല്ല. പകരം സൈക്കോളജിയാണ്. ഏതോ ഒരു സൈക്കോളജിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഉപയോഗിക്കുന്ന ഒരു മൂടുപടമാണ് ഐഡിയോളജി.
ഗോള്‍വാക്കര്‍ തന്നെ ഒരിക്കല്‍ പറഞ്ഞത് നോക്കുക. ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിംകളെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. അവര്‍ മൂന്നും നാലും വിവാഹം കഴിച്ച് ജനസംഖ്യ കൂട്ടുമെന്ന തെറ്റിദ്ധാരണയുള്ളതുകൊണ്ടാണ് ചിലര്‍ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് വാദിക്കുന്നത്.
ഇത് ഒരുകാരണവശാലും നടക്കരുത്. മുസ്‌ലിംകള്‍ അവരുടെ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ട് തന്നെ മുന്നോട്ടുപോകുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ല. വിശാലമായ ഒരു രാജ്യത്ത് സ്‌നേഹത്തിന്റെയും ബഹുസ്വരതയുടെയും പാതയിലാണു നമ്മള്‍ മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
? ഗോരക്ഷാ ഭീകരതയെ കുറിച്ച്
പശുവിന്റെ വിഷയങ്ങള്‍, വന്ദേമാതരം ആലപിച്ചാലേ രാജ്യസ്‌നേഹിയാകൂ എന്ന വാദം, ഏകസിവില്‍കോഡ് വാദം എന്നിവയൊക്കെ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രശ്‌നങ്ങള്‍ എന്നതിലപ്പുറം ഹിന്ദു മനസിന്റെ, കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ബ്രാഹ്മണ മേധാവിത്വഘടനയുടെ പ്രശ്‌നമാണത്.
ഞായറാഴ്ചകളില്‍ ക്രൈസ്തവ സമൂഹം ചര്‍ച്ചുകളില്‍ ഒത്തുകൂടി പ്രാര്‍ഥനകള്‍ നടത്തുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നതുപോലെ മുസ്‌ലിംകള്‍ വെള്ളിയാഴ്ചകളില്‍ ജുമുഅയില്‍ പങ്കെടുത്ത് ആത്മീയ സംസ്‌കരണം നേടുന്നതുപോലെ ഹൈന്ദവര്‍ക്കിടയില്‍ ഒത്തുകൂടാനും ആത്മീയാറിവുകളും ചൈതന്യവും നേടിയെടുക്കാനുമുള്ള സ്‌പേസ് ഇല്ലെന്ന ന്യൂനതയെ ഹിന്ദുസമൂഹത്തിലുള്ള തീവ്രവാദികള്‍ അല്ലെങ്കില്‍ കഠിനസ്വരക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. അവര്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ശത്രുക്കളാക്കി ചിത്രീകരിച്ചു മതവിദ്വേഷം വളര്‍ത്താനാണു ശ്രമിക്കുന്നത്.
ശബരിമലയില്‍ വാവരെ വാപുരനാക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. ചരിത്രത്തെ വളച്ചൊടിച്ച് ഹീനമായ ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്. ക്രിസ്ത്യാനികളോട് ഹൈന്ദവര്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനാണ് വെളുത്തയെ തള്ളിപ്പറയുന്നതും. ബി.ജെ.പിയുടെ സാംസ്‌കാരിക നേതാവ് അര്‍ത്തുങ്കല്‍ പള്ളി പൊളിച്ച് അവിടെ അമ്പലം പണിയണമെന്ന പരസ്യപ്രസ്താവന നടത്തിയതും ഇതിന്റെ ഭാഗമാണ്. സമൂഹത്തില്‍ അശാന്തി ഉണ്ടാക്കുകയാണ് ഇത്തരം ശ്രമങ്ങളുടെ പിന്നിലുള്ള താല്‍പര്യം.
ഗോരക്ഷയുടെ പേരില്‍ അഴിഞ്ഞാടുന്നവര്‍ ഗുണ്ടകളും ക്രിമിനലുകളുമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മേല്‍പ്പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്നു. ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും അവര്‍ ആക്രമിക്കപ്പെടാന്‍ പോകുന്നുവെന്നുമുള്ള ആശങ്ക സൃഷ്ടിച്ച് ഹൈന്ദവസമൂഹത്തെ തെറ്റായ വഴിയിലേക്കു നയിക്കുകയാണു മേല്‍പ്പറഞ്ഞ വിഭാഗക്കാര്‍. 2021ല്‍ മലപ്പുറം പ്രത്യേക രാജ്യമാകുമെന്നാണു മറ്റൊരു പ്രചാരണം. എന്തൊരു മണ്ടത്തരമാണത്. പ്രത്യേക രാജ്യമായി മലപ്പുറം എങ്ങോട്ടുപോകാനാണ്.
മറ്റൊന്ന് ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്തവരാണെന്നുള്ള സങ്കല്‍പ്പമാണ്. ഹിന്ദുമീമാംസ എഴുതിയ ജി.ഡി സവര്‍ക്കറാണ്, ഗുരുജി ഗോള്‍വാക്കറുടെ മുന്‍കാല നിലപാടുകള്‍ അദ്ദേഹം തന്നെ തിരുത്തിയിട്ടും ഗുരുജിയുടെ പഴയകാല നിലപാടുകള്‍ പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. ഇത്തരക്കാരുടെ ഇടപെടല്‍മൂലം ഗുരുജിയുടെ നിലപാടുമാറ്റം താഴേതട്ടിലേക്ക് എത്തിയില്ല എന്നതാണു ശരി. അതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും വേണം കരുതാന്‍. ജിഹാദികള്‍, മിഷനറിമാര്‍, മാവോയിസ്റ്റുകള്‍ എന്നിവരാണു രാജ്യത്തെ അപകടകാരികള്‍ എന്നുപറയുമ്പോള്‍ ആ പട്ടികയില്‍ സാധ്വിപ്രാചിമാരും കൂടിയുണ്ടെന്നു പറയേണ്ടിവരും. നെഹ്‌റുവിയന്‍ സെക്കുലറിസ്റ്റുകള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പറ്റിയ തെറ്റ് കണ്ണടച്ച് ഇരുട്ടാക്കി മതേതരത്വം ഉണ്ടാക്കാമെന്ന ചിന്തയാണ്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇന്ത്യയുടെ ദേശീയപതാക. ഇതിലെ മൂവര്‍ണം മൂന്നുവിഭാഗം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് ഗാന്ധിജി വ്യക്തമാക്കിയിരുന്നത്.
ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണത്തിന്റെ പ്രസക്തിയും ഇവിടെയാണ്. എന്നാല്‍ പതാകയുടെ നിറങ്ങള്‍ക്കു പിന്നിലുള്ള മതസൗഹാര്‍ദ താല്‍പര്യങ്ങള്‍ക്കുപകരം ത്യാഗവും സേവനസന്നദ്ധതയും ശാന്തിയും സമാധാനവുമൊക്കെ ഉള്‍പ്പെടുന്ന പതാകയാണു നമുക്ക് വേണ്ടതെന്ന നെഹ്‌റുവിന്റെ നിലപാടിലെ ലക്ഷ്യം നല്ലതാണെങ്കിലും ആ കാഴ്ചപ്പാടിനു നിലനില്‍പ്പില്ലെന്നു കാലം തെളിയിക്കുന്നു.
എല്ലാം വളഞ്ഞ വഴിയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതാണു ഹൈന്ദവസമൂഹത്തിന്റെ പ്രധാന പോരായ്മ. വളഞ്ഞ വഴിയിലൂടെ മാത്രം കാര്യങ്ങള്‍ പറഞ്ഞു ശീലിച്ചുപോയി എന്നതാണു ഹിന്ദുബ്രാഹ്മണ മനസിന്റെ പരാജയം. ഗുരുജി ഗോള്‍വാക്കറുടെ നിലപാടുകള്‍ ശരിയായ രൂപത്തില്‍ പഠിച്ചാല്‍ സമകാലിക തീവ്രഹിന്ദു നിലപാടുകാര്‍ക്കു പുതിയ മുദ്രാവാക്യങ്ങള്‍ അന്വേഷിക്കേണ്ടി വരും. പക്ഷേ തീവ്ര ബ്രാഹ്മണിക്കല്‍ ലൈനില്‍ മാത്രമാണ് അവര്‍ ലോകത്തെ നോക്കിക്കാണുന്നത്. അതുകൊണ്ടാണ് മഹാബലിയെയും വാവരെയും വെളത്തയെയും അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയാത്തത്. തീവ്ര ബ്രാഹ്മണിക്ക് ലൈനിനെ ഹിന്ദുമുഖംമൂടിയിട്ട് ദേശീയ മുഖമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുസമുദായത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും അഡ്രസ് ചെയ്യുന്നതിനുപകരം സഹോദരസമുദായങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണു പ്രശ്‌നങ്ങളുടെ പ്രധാന കാതല്‍. വര്‍ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്ക്, വാട്‌സ്ആപ് പോലുള്ള സമൂഹമാധ്യമങ്ങള്‍ പ്രധാന വേദിയാകുന്നുണ്ട്. അവാസ്തവവും ഭീതിജനകവുമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ജനങ്ങളില്‍ ഭീതിയുണ്ടാക്കാനാണ് എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന കറുത്തശക്തികള്‍ ശ്രമിക്കുന്നത്.
? ഗുജറാത്ത് കൂട്ടക്കൊല നടത്തിയ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടോ
ഭരണത്തില്‍ എത്തിക്കഴിഞ്ഞപ്പോള്‍ മൃദുസമീപനം സ്വീകരിക്കുന്ന മോദിയെയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി കാണാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ നിലപാടുകളില്‍ വര്‍ഗീയതയുടെ നിറമുണ്ടെന്ന് പറയാന്‍ സാധ്യമല്ല. അതേസമയം മോദിയുടെ നിലപാടുകളെയും മറികടക്കാന്‍ കഴിവുള്ള തൊഗാഡിയ ലൈന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണു ഭീഷണിയായി നാം കാണേണ്ടത്.
ജിന്നയുടെ മറുവശമാണ് തൊഗാഡിയ. മുഹമ്മദലി ജിന്ന മുസ്‌ലിം നാമധാരിയായിരുന്നുവെങ്കിലും പന്നിയിറച്ചിയും മദ്യവും ഉപയോഗിക്കുകയും അതോടൊപ്പം മുസ്‌ലിം രാഷ്ട്രത്തിനുവേണ്ടി തീവ്രനിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തയാളാണ്. അതേസമയം ഇസ്‌ലാമിക പണ്ഡിതനും ഇസ്‌ലാമിക മൂല്യങ്ങള്‍ അനുസരിച്ചു ജീവിച്ച അങ്ങേയറ്റത്തെ രാജ്യസ്‌നേഹിയുമായ അബുല്‍കലാം ആസാദിന് ജിന്നയെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതിന്റെ ദുരന്തമാണ് പാകിസ്താന്‍. ഇതിനു സമാനമായ സാഹചര്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുഭവിക്കുന്നത്. തീവ്രഹിന്ദുത്വ വലതുപക്ഷത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകട ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇതിലേക്കാണു വിരല്‍ചൂണ്ടുന്നത്.
ഇന്ത്യയെ ഒരു ഹിന്ദുപാകിസ്താന്‍ ആക്കാനാണ് തീവ്രഹിന്ദു നിലപാടുകാരുടെ ശ്രമം. ഈ ശ്രമങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ എന്നെപ്പോലുള്ള ഒരുപാട് ഹിന്ദുമത വിശ്വാസികള്‍ ഉണ്ടാകുമെന്നു സ്‌നേഹത്തോടെ പറയട്ടെ. ഹിന്ദുപാകിസ്താനിലേക്കുള്ള ഇന്ത്യയുടെ യാത്ര അപകടകരമാണ്. മുസ്‌ലിം സമൂഹത്തിലെ ആളുകള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നു സ്വയം തോന്നുന്ന സമയത്ത് നമുക്ക് അതിനെ പിന്തുണക്കാമെന്ന ഗുരുജി ഗോള്‍വാക്കറുടെ വരികളാണു തീവ്രഹിന്ദു നിലപാടുകാരോട് ഇപ്പോള്‍ ഓര്‍മിപ്പിക്കാനുള്ളത്.
ഏക സിവില്‍കോഡിനുവേണ്ടി ബഹളംവയ്ക്കുന്ന സഹോദരങ്ങളോട് സ്‌നേഹത്തോടെ ഒരിക്കല്‍ കൂടി ഉണര്‍ത്താനുള്ളത് നിങ്ങള്‍ ഗുരുജിയെയും അദ്ദേഹത്തിന്റെ നിലപാടുകളെയും പഠിക്കുകയും അതു ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്നാണ്. നമുക്ക് തീവ്രവാദം വേണ്ട. മൗനവാദവും വേണ്ട. പകരം മിതവാദത്തെ നമുക്ക് നെഞ്ചോട് ചേര്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."