സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബാങ്ക് നിക്ഷേപം അന്വേഷിക്കും
ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ബാങ്ക് നിക്ഷേപങ്ങളെ കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷന് (സി.വി.സി) അന്വേഷിക്കും. ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ കമ്മിഷന് തേടിയിട്ടുണ്ട്.
കമ്മിഷന്റെ അധികാര പരിധിയില്‍ വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിക്ഷേപങ്ങളും ഇടപാടുകളുമാണ് അന്വേഷിക്കുക. സാധാരണയായി ഗ്രൂപ്പ് എ, ബി ഓഫിസര്‍മാരടങ്ങുന്ന വിഭാഗങ്ങളാണ് സി.വി.സിയുടെ അധികാര പരിധിയില്‍ വരുന്നത്.
കമ്മിഷന്റെ അധികാര പരിധിയില്‍ വരാത്ത ഉദ്യോഗസ്ഥരുടെ കേസുകളില്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതിന് സംസ്ഥാനങ്ങളിലെ ചീഫ് വിജിലന്‍സ് ഓഫിസര്‍മാര്‍ക്ക് കൈമാറും. 10 ലക്ഷവും അതിനു മുകളിലും നടന്ന ഇടപാടുകളാണ് സംശയകരമായ ഇടപാടുകളായി കണക്കാക്കുക.
നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ഇത്തരം നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ നിക്ഷിപിക്കാന് നിശ്ചിത സമയം അനുവദിച്ചിരുന്നു. ഈ സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിക്ഷേപിച്ച തുകയെക്കുറിച്ചാണ് അന്വേഷണം നടത്തുകയെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ കെ.വി ചൗധരി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണനിക്ഷേപം സംബന്ധിച്ച ഇടപാടുകളുടെ എണ്ണം കണക്കാക്കുന്നത് എങ്ങനെയാണെന്നത് നികുതി വകുപ്പുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ നിക്ഷേപിച്ച തുക അവരുടെ വരുമാനത്തിന്റെ അനുപാതവുമായി പൊരുത്തപ്പെടുന്നതാണോ എന്നകാര്യം പരിശോധിക്കുന്നതിന് നികുതി വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."