കല്ലാര്‍കുട്ടിയില്‍ ദേശീയപാതയോരം ഇടിഞ്ഞ് കടകള്‍ ഡാമില്‍ പതിച്ചു ആളപായമില്ല, ഒഴിവായത് വന്‍ദുരന്തം
അടിമാലി (ഇടുക്കി): കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്ന് അടിമാലി- കുമളി ദേശീയ പാതയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് രണ്ട് കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പടെ അണക്കെട്ടിലേക്ക് പതിച്ചു.
റോഡ് സൈഡിലെ കല്‍ക്കെട്ടിനോട് ചേര്‍ന്ന് കച്ചവടം നടത്തിയിരുന്ന വാഴയില്‍ ശശി, വാഴേപ്പറമ്പില്‍ സ്‌ക്കറിയ എന്നിവരുടെ തടിയില്‍ തീര്‍ത്ത കടകളാണ് ജലാശയത്തിലേക്ക് ഇടിഞ്ഞുവീണത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം.
കനത്ത മഴയില്‍ തിങ്കളാഴ്ച ചെറിയതോതില്‍ റോഡരികില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് വെള്ളം ഇറങ്ങാതിരിക്കാന്‍ പരിസരവാസികള്‍ കോണ്‍ക്രീറ്റും മണ്ണും ഉപയോഗിച്ച് വിള്ളല്‍ അടച്ചു. ഇന്നലെ രാവിലെ പക്ഷേ സമീപത്ത് മറ്റൊരു വിള്ളല്‍ രൂപപ്പെടുകയായിരുന്നു. വിള്ളലിലൂടെ വെള്ളമിറങ്ങി കല്‍ക്കെട്ടടക്കം ചെരിഞ്ഞുതുടങ്ങിയിരുന്നു. പുലര്‍ച്ചെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ശശി കടയിലെ സാധനങ്ങള്‍ സമീപത്തെ മറ്റൊരു മുറിയിലേക്കു മാറ്റിയിരുന്നു. പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടല്‍മൂലം വന്‍ദുരന്തമാണ് ഒഴിവായത്.
അടിമാലിയില്‍ നിന്ന് നെടുങ്കണ്ടം, കട്ടപ്പന ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് ഇതുവഴിയാണ് വാഹനങ്ങള്‍ പോകുന്നത്. ഗതാഗതം നിരോധിച്ചിട്ടില്ലെങ്കിലും നിയന്ത്രണത്തോടെയാണ് ഇപ്പോള്‍ കടത്തിവിടുന്നത്.
മഴ ശക്തമായാല്‍ റോഡ് കൂടുതല്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡാം നിര്‍മാണ സമയത്ത് മരിച്ചവരുടെ ഓര്‍മയ്ക്കായി റോഡിനു സമീപം നിര്‍മിച്ച സ്തൂപവും അപകടഭീഷണിയിലാണ്. കരിങ്കല്‍ ഭിത്തിയോടു ചേര്‍ന്നാണ് സ്തൂപം ഉള്ളത്.
അപകടത്തിന് ആരാണ് പരിഹാരം കാണേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. എന്‍ എച്ച്, കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പിഡബ്ല്യുഡി രണ്ടു വര്‍ഷം മുന്‍പ് നിര്‍മിച്ചതാണ് ഈ റോഡ്. ആ സമയത്തു തന്നെ സമീപത്ത് മണ്ണിടിച്ചിലുമുണ്ടായി.
കാര്യമായ അടിത്തറയില്ലാതെയാണ് സംരക്ഷണഭിത്തി നിര്‍മിച്ചതെന്നും അന്ന് പരാതി ഉയര്‍ന്നിരുന്നു. റോഷി അഗസ്റ്റിന്‍ എം.എല്‍. എ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."