തോല്‍ക്കില്ല മുണ്ടൂര്‍ എക്‌സ്പ്രസ്; ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലും ചിത്രയുടെ സ്വര്‍ണ വേട്ട
ട്രാക്കില്‍ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കി ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണം.
വനിതകളുടെ 1500 മീറ്ററില്‍ 4:27.77 സെക്കന്‍ഡിലാണ് മുണ്ടൂര്‍ എക്‌സ്പ്രസ് തുര്‍ക്‌മെനിസ്താനിലെ അഷ്ഗബതിലും ചരിത്രം കുറിച്ചത്. കിര്‍ഗിസ്താന്‍ താരങ്ങളെ ഏറെ പിന്നിലാക്കിയായിരുന്നു ചിത്രയുടെ സ്വര്‍ണ കുതിപ്പ്.
വെള്ളി നേടിയ കിര്‍ഗിസ്താന്റെ സതറോവ ഗുല്‍ഷനോയ്ക്ക് 4:31.64 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടക്കാനായത്. കിര്‍ഗിസ്താന്റെ തന്നെ ക്ലെഷ്ചുകോവ അരിന വെങ്കല നേട്ടത്തിലേക്ക് ഓടിക്കയറിയത് 4:34.16 സെക്കന്‍ഡിലും.
പുരുഷന്‍മാരുടെ 3000 മീറ്ററില്‍ ജി ലക്ഷ്മണന്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. 8:02.30 സെക്കന്‍ഡിലായിരുന്നു ലക്ഷ്മണിന്റെ സ്വര്‍ണ വേട്ട. ഏഷ്യന്‍ ചാംപ്യനായ ചിത്രയുടെ പുതിയ നേട്ടം അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും സെലക്ടര്‍മാര്‍ക്കുമുള്ള ശക്തമായ മറുപടി കൂടിയായി. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
സെലക്ടര്‍മാരുടെയും എ.എഫ്.ഐയുടെയും നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നീതിതേടി ചിത്ര ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഇതിഹാസതാരങ്ങള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്കും ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. തന്നെ കളിക്കളത്തില്‍ ചവിട്ടി വീഴ്ത്താന്‍ ശ്രമിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കുന്നതായി ചിത്രയുടെ പുതിയ സ്വര്‍ണ വേട്ട.
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമാണ് പി.യു ചിത്ര. 2005 ല്‍ ഒ.പി ജെയ്ഷയും 2007 ല്‍ സിനിമോള്‍ പൗലോസുമാണ് സ്വര്‍ണം നേടിയ മുന്‍ഗാമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."