വന്യജീവി സങ്കേതത്തിലെ ടിക്കറ്റ് വില്‍പനയിലെ ക്രമക്കേട്: ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടി വൈകുന്നു
തോല്‍പ്പെട്ടി: വന്യജീവി സങ്കേതത്തിലേക്കുള്ള ടിക്കറ്റ് വില്‍പനയില്‍ ക്രമക്കേട് നടത്തിയ ജീവനക്കാര്‍ക്കെതിരേയുള്ള നടപടി വൈകുന്നു.
2015ലാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇ.ഡി.സിയിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.
ഇതു സംബന്ധിച്ച് പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്ന് അന്നത്തെ റെയ്ഞ്ചര്‍ നടത്തിയ അന്വേഷണത്തില്‍ 24580 രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഇതില്‍ ഒരു നടപടിയും ഉണ്ടായില്ല.
ആരോപണ വിധേയരായ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഒരു ദിവസം അറുപത് വണ്ടികള്‍ മാത്രമേ സഞ്ചാരികളുമായി വനത്തിനുള്ളിലേക്ക് കയറ്റിവിടാന്‍ പാടുള്ളൂ.
ഒരു വാഹനത്തിന് എഴുപത്തിയഞ്ച് രൂപയാണ് നിരക്ക്.
നിശ്ചിത ആളുകളെ മാത്രമേ ഒരു വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ.
തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റി വിടുകയും അവരില്‍ നിന്ന് ഈടാക്കിയ പണം സര്‍ക്കാരിലേക്ക് അടക്കാതെ തട്ടിപ്പ് നടത്തുകയുമാണ് ഇവര്‍ ചെയ്തത്.
അന്വേഷണത്തില്‍ ടിക്കറ്റ് നല്‍കാതെ കാട്ടിലേക്ക് പോയ സഞ്ചാരികളുടെ തുക രണ്ട് താല്‍ക്കാലിക ജീവനക്കാരനും ഇക്കോ കമ്മിറ്റി സെക്രട്ടറിയുമായ ഫോറസ്റ്റ് ഉദ്യോഗസ്ഥനും ചേര്‍ന്ന് തട്ടിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്നും സെക്ഷന്‍ ഡെപ്യൂട്ടി റെയിഞ്ചര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ എന്നിവരെ വകുപ്പ് തല നടപടിക്ക് വിധേയമാക്കണമെന്നും അന്നത്തെ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ധനേഷ് കുമാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ നടപടി ഉണ്ടാകാതായതോടെ പരാതിക്കാരന്‍ ഉയര്‍ന്ന വനം ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഫഌയിങ് സ്‌ക്വാഡ് വീണ്ടും അന്വേഷണം നടത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്ററെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."