വയോധികയുടെ മൃതദേഹം ചാക്കിലാക്കി പൊന്തക്കാട്ടില്‍ തള്ളി
ചേലക്കര: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം ചാക്കില്‍ കെട്ടി പൊന്തക്കാട്ടില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.
ചേലക്കര പുലാക്കോട് ഒടുവതൊടി വീട്ടില്‍ പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ കല്യാണിയമ്മ (70 )യുടെ മൃതദേഹമാണ് കോട്ടപ്പുറം സുബ്രഹ്മണ്യന് കോവില്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ഇവരെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് ഇന്നലെ കാലത്ത് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് രണ്ട് ആണ്മക്കളുണ്ടെങ്കിലും ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഒരു മകന് എറണാകുളത്തും മറ്റൊരാള്‍ പുലാക്കോടുമാണ് താമസം. അണിഞ്ഞിരുന്ന രണ്ട് വള, മൂന്നര പവന്റെ ചെയിന്‍, കമ്മല്‍ എന്നിവയടക്കം ആറ് പവന് സ്വര്‍ണം കാണാതായിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയെന്നതാണ് പ്രാഥമിക നിഗമനം. കല്യാണിയമ്മ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും വീടിന്റെ താക്കോലും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തി. പ്രദേശത്തെ പറമ്പില്‍ മരം മുറിയിലേര്പ്പെട്ടിരുന്ന തൊഴിലാളികളെ കാണാതായിട്ടുണ്ട്. തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കില്കെട്ടിയതാണെന്നാണ് പൊലിസ് നിഗമനം. തൃശൂര്‍ റൂറല്‍ എസ്.പി. യതീഷ് ചന്ദ്ര, കുന്നംകുളം ഡിവൈ.എസ്.പി പി വിശ്വംഭരന്, വടക്കാഞ്ചേരി സി.ഐ പി.ജെ സ്റ്റീഫന്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ചേലക്കര സി.ഐ വിജയകുമാരമേനോനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."