ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം: മൊബൈല്‍ഫോണിനായുള്ള അന്വേഷണം തുടരും
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാന്‍ കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ തന്നെ പൊലിസ് നല്‍കും. കേസിലെ പ്രധാന തെളിവായ, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ സാധിക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്‍കിയ ശേഷവും അന്വേഷണം തുടരാനാണ് പൊലിസിന്റെ പദ്ധതി.
ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രധാന തൊണ്ടി മുതലായ മൊബൈല്‍ഫോണ്‍ വീണ്ടെടുക്കാതെ തന്നെ കുറ്റപത്രം നല്‍കാനാണ് നീക്കം. കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം നല്‍കും.
ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് 90 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന കാര്യം മുന്‍കൂട്ടി കണ്ടാണ് പൊലിസിന്റെ നടപടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഒക്ടോബര്‍ എട്ടിന് അന്വേഷണസംഘം കുറ്റപത്രം നല്‍കിയേക്കും. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രമായിരിക്കും സമര്‍പ്പിക്കുക.
ദീലീപ് ജാമ്യം നേടി പുറത്തുവന്നാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പെട്ടെന്ന് കുറ്റപത്രം തയാറാക്കി സമര്‍പ്പിക്കണമെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ഫോണ്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ദുര്‍ബലമാകുമെന്ന ധാരണയില്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ചുവെച്ചിരിക്കുന്നതായിട്ടാണ് പൊലിസിന്റെ നിഗമനം.
ഇതിനായി പലരേയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തുവെങ്കിലും ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് തൊണ്ടിമുതല്‍ കണ്ടെടുക്കാതെ തന്നെ കുറ്റപത്രം നല്‍കുന്ന കാര്യത്തെക്കുറിച്ച് നിയമോപദേശം തേടിയത്. സാക്ഷിമൊഴികളും അനുബന്ധതെളിവുകളും മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ കുറ്റസമ്മതവും ശാസ്ത്രീയമായി സംയോജിപ്പിച്ചുകൊണ്ടായിരിക്കും കുറ്റപത്രം നല്‍കുക. കുറ്റപത്രം സമര്‍പ്പിച്ച ശേഷവും തൊണ്ടിമുതല്‍ കണ്ടെടുത്തസംഭവങ്ങള്‍ ഉള്ളതിനാലും തൊണ്ടിമുതല്‍ വീണ്ടെടുത്തശേഷം അനുബന്ധകുറ്റപത്രം നല്‍കാനും ക്രിമിനല്‍ചട്ടത്തില്‍ വകുപ്പുകള്‍ ഉള്ളതിനാലും തുടരന്വേഷണം നടത്താമെന്ന തീരുമാനത്തിലാണ് പൊലിസ്.
ഇതുവഴി ദിലീപിന് ജാമ്യം കിട്ടുന്ന സാഹചര്യം ഇല്ലാതാക്കാനും അന്വേഷണസംഘത്തിന് കഴിയും. പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പൊലിസിന്റെ നിലപാട്. പള്‍സര്‍സുനിക്കും ദിലീപിനും പുറമേ അഭിഭാഷകരായ പ്രതിഷ് ചാക്കോയും രാജു ജോസഫും സുനിക്ക് വേണ്ടി ദിലീപിനെ ഫോണ്‍ചെയ്ത പൊലിസുകാരന്‍ സി.പി അനീഷും പ്രതികളാകും.
നേരത്തെ, നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പ്രതിയാക്കി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഏപ്രില്‍ ഏഴിന് കുറ്റപത്രം നല്‍കിയിരുന്നു. ഇതില്‍ വിചാരണ ആരംഭിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ വിചാരണ ഉടന്‍ ആരംഭിക്കണമെന്നും അല്ലെങ്കില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് അന്വേഷണസംഘത്തിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."