'കളിക്കുടുക്ക' വിതരണം ചെയ്ത് പ്രതിഷേധം
കോഴിക്കോട്: നാദാപുരം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥി മാഗസിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പശുരാഷ്ട്രീയം, ദലിത് മോചനം, വിപ്ലവം, ബീഫ് തുടങ്ങിയ പദാവലികള്‍ ഒഴിവാക്കാതെ മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് പ്രിന്‍സിപ്പലും സ്റ്റാഫ് എഡിറ്ററുമുള്‍പ്പെടെയുള്ള അധികൃതര്‍ പറയുന്നത്. ' ഇമിരിച്ചല്, ചൂടാന്തിരി, പൊയച്ചല് ' എന്ന പേരില്‍ യൂനിയന്റെ അഭിമുഖ്യത്തില്‍ തായാറാക്കിയ മാഗസിനിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
114 പേജുള്ള മാഗസിനിലെ 40 പേജ് നീക്കണമെന്നാണ് അധികൃതര്‍ ആദ്യം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി നല്‍കിയ കോപ്പിയിലേയും 18 പേജുകള്‍ നീക്കണമെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. മാഗസിനില്‍ രാഷ്ട്രീയ അതിപ്രസരമുണ്ട്, ഇതു നീക്കിയാല്‍ മാത്രമേ മാഗസിന്‍ പുറത്തിറക്കാന്‍ അനുവദിക്കുകയുള്ളൂ, ഭരിക്കുന്ന പാര്‍ട്ടിക്കെതിരേയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ കലാപമുണ്ടാകും തുടങ്ങിയ ന്യായങ്ങളാണ് പ്രിന്‍സിപ്പല്‍ പറയുന്നതെന്ന് മാഗസിന്‍ സബ്എഡിറ്റര്‍ സുപ്രഭാതത്തോട് പറഞ്ഞു. രാജ്യത്തു നിലനില്‍ക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെയും രാഷ്ട്രീയ വിഷയങ്ങളെയുമാണ് മാഗസിന്‍ ചര്‍ച്ച ചെയ്യുന്നത്.
ഇതിനാല്‍ ദലിത്, പശു, ബീഫ് തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കാനാകില്ല. വിദ്യാര്‍ഥികളുടെ മാസങ്ങളോളമുള്ള അധ്വാനം ഈ മാഗസിനു പിന്നിലുണ്ടെന്നും 18 പേജ് ഒഴിവാക്കി ഇതു പുറത്തിറക്കാനാകില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് അധികൃതരുടെ നിലപാട് തുടരുകയാണെങ്കില്‍ സമാ ന്തരമായി ഇത് പുറത്തിറക്കാനാകുമോയെന്ന ആലോചനയിലാണ് വിദ്യാര്‍ഥികള്‍.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ എം.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു. ഇന്നലെ കോളജില്‍ 'കളിക്കുടുക്ക' വിതരണം ചെയ്തു പ്രതിഷേധവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."